മരുമകനെ വെട്ടിക്കൊലപ്പെടുത്താൻ ശ്രമം; ഭാര്യാപിതാവ് അറസ്റ്റിൽ

മരുമകനെ വെട്ടിക്കൊലപ്പെടുത്താൻ ശ്രമം; ഭാര്യാപിതാവ് അറസ്റ്റിൽ

മാട്ടുക്കട്ടയിൽ മരുമകനെ ആക്രമിച്ച കേസിൽ ഭാര്യാപിതാവായ ബേബി മാത്യുവിനെ പൊലീസ് അറസ്റ്റ് ചെയ്തു. മാട്ടുക്കട്ട കിഴക്കേക്കര പുത്തൻപുരയ്ക്കൽ മണികുട്ടനാണ് ആക്രമണത്തിൽ പരിക്കേറ്റത്. വ്യാഴാഴ്ച വൈകിട്ട് ആറോടെയാണ് സംഭവം നടന്നത്. അയ്യപ്പൻകോവിൽ മാട്ടുക്കട്ട ടൗണിലെ ബസ് കാത്തിരിപ്പ് കേന്ദ്രത്തിന് മുന്നിലാണ് സംഭവം ഉണ്ടായത്.

സംഭവസമയത്ത് സുഹൃത്തുക്കളോടൊപ്പം നിൽക്കുകയായിരുന്ന മണികുട്ടനെ പിന്നിൽ നിന്ന് എത്തിയ ബേബി മാത്യു എയർഗൺ ഉപയോഗിച്ച് വെടിവെക്കാൻ ശ്രമിച്ചു .എന്നാൽ ഉന്നം തെറ്റിയതിനെ തുടർന്ന് പിന്നീട് കത്തി ഉപയോഗിച്ച് ആക്രമിക്കുകയായിരുന്നു. ഒഴിഞ്ഞുമാറാൻ ശ്രമിച്ച മണികുട്ടന് കൈയ്ക്ക് ഗുരുതരമായി മുറിവേൽക്കുകയായിരുന്നു

കുടുംബപരവും സാമ്പത്തികവുമായ പ്രശ്നങ്ങളെത്തുടർന്ന് ഇരുവരും തമ്മിൽ ഏറെ നാളായി വൈരാഗ്യം നിലനിന്നിരുന്നുവെന്ന് പൊലീസ് വ്യക്തമാക്കി.നാട്ടുകാരും സുഹൃത്തുക്കളും ചേർന്ന് പ്രതിയെ പിടികൂടി പൊലീസിന് കൈമാറി. ഗുരുതരമായി പരിക്കേറ്റ മണികുട്ടനെ ആദ്യം കട്ടപ്പനയിലെ സ്വകാര്യ ആശുപത്രിയിലും പിന്നീട് വിദഗ്ധ ചികിത്സയ്ക്കായി കോട്ടയത്തും പ്രവേശിപ്പിച്ചു. പ്രതിയെ കോടതിയിൽ ഹാജരാക്കിയതായി പൊലീസ് അറിയിച്ചു.