ഒഴുക്കിൽപ്പെട്ട യുവാക്കൾക്ക് രക്ഷകരായി അഗ്നിരക്ഷാസേന

ഒഴുക്കിൽപ്പെട്ട യുവാക്കൾക്ക് രക്ഷകരായി അഗ്നിരക്ഷാസേന

ഇടുക്കി: പെരുമ്പിള്ളിച്ചിറ കുരിശുപള്ളിക്ക് സമീപത്തെ കനാലിൽ കുളിക്കാനിറങ്ങിയ മൂന്ന് യുവാക്കൾ ഒഴുക്കിൽപ്പെട്ടു. കലൂർ സ്വദേശികളായ അമൽ, ദേവൻ, ഏഴല്ലൂർ സ്വദേശി പ്രിൻസ് എന്നിവരാണ് അപകടത്തിൽപ്പെട്ടത്.

ഇന്നലെ ഉച്ചയ്ക്ക് രണ്ടരയോടെയാണ് സംഭവം. കുളിക്കുന്നതിനിടെ ശക്തമായ ഒഴുക്കിൽപ്പെട്ട മൂവരെയും ഒപ്പമുണ്ടായിരുന്ന സുഹൃത്തുകൾ കരയിലേക്ക് വലിച്ചുകയറ്റാൻ ശ്രമിച്ചെങ്കിലും സാധിച്ചില്ല. തുടർന്ന് കൂട്ടുകാർ തൊടുപുഴ ഫയർഫോഴ്‌സിനെ വിവരമറിയിക്കുകയായിരുന്നു.

സേന എത്തുംവരെ കനാലിന്റെ വശത്തായി വെള്ളത്തിലേക്ക് ചായ്ന്നുകിടന്ന പുല്ലിൽ പിടിച്ചുനിന്ന് മൂവരും മുങ്ങിത്താഴാതെ രക്ഷപ്പെട്ടു. പിന്നീട് അഗ്നിരക്ഷാസേനാംഗങ്ങൾ സ്ഥലത്തെത്തി രക്ഷാപ്രവർത്തനം നടത്തി യുവാക്കളെ സുരക്ഷിതമായി കരയിൽ എത്തിച്ചു.

ഫയർ ഓഫീസർമാരായ സി.എസ്. എബി, എൻ.എസ്. അജയകുമാർ, എസ്. ശരത്, സന്ദീപ് പി.വി, ജെയ്സ് സാം ജോസ് എന്നിവർ രക്ഷാപ്രവർത്തനത്തിന് നേതൃത്വം നൽകി.