സലോമി ടീച്ചർ ഔദ്യോഗിക സേവനത്തിൽ നിന്ന് വിരമിക്കുന്നു

മാങ്കുളം സെൻറ് മേരീസ് ഹയർ സെക്കണ്ടറി സ്കൂൾ പ്രിൻസിപ്പലാണ്

സലോമി ടീച്ചർ  ഔദ്യോഗിക സേവനത്തിൽ നിന്ന് വിരമിക്കുന്നു

കട്ടപ്പന: വിദ്യാർത്ഥികളെയും വിദ്യാഭ്യാസ മേഖലയെയും അതിയായ സ്‌നേഹത്തോടെ കൈകാര്യം ചെയ്ത മാങ്കുളം സെൻറ് മേരീസ് ഹയർ സെക്കണ്ടറി സ്കൂൾ പ്രിൻസിപ്പൽ ശ്രീമതി സലോമി ജോസഫ് ഏപ്രിൽ 30ന് ഔദ്യോഗിക സേവനത്തിൽ നിന്ന് വിരമിക്കുന്നു. മൂന്ന് ദശാബ്ദങ്ങളിലേറെ നീണ്ട അധ്യാപന ജീവിതത്തിന് ഇന്നോടെ സമാപനം കുറിക്കുകയാണ്.

Slide 1
Slide 2
Slide 3
Slide 4

1996 ജനുവരിയിൽ നെടുങ്കണ്ടം സെൻറ് സെബാസ്റ്റ്യൻസ് സ്കൂളിൽ യു.പി. സ്കൂൾ അധ്യാപികയായി സേവനം ആരംഭിച്ച സലോമി ടീച്ചർ, പിന്നീട് കോതമംഗലം, ഇടുക്കി രൂപതകളിലെ വിവിധ എയ്ഡഡ് സ്കൂളുകളിൽ സേവനം അനുഷ്ഠിച്ചു. 1999ൽ മാതൃവിദ്യാലയമായ ഇരട്ടയാർ സെൻറ് തോമസ് ഹയർ സെക്കണ്ടറി സ്കൂളിൽ എച്ച്.എസ്.എസ്.ടി കെമിസ്ട്രിയായി പ്രമോഷൻ ലഭിച്ചു.

Slide 1
Slide 2
Slide 3
Slide 4

വാഴത്തോപ്പ് സെൻറ് ജോർജ്, വെള്ളയാംകുടി സെൻറ് ജറോംസ് എന്നീ സ്കൂളുകളിൽ ദീർഘകാലം അധ്യാപികയായി പ്രവർത്തിച്ച ശേഷം മാങ്കുളം സെൻറ് മേരീസ് ഹയർ സെക്കണ്ടറി സ്കൂളിന്റെ പ്രിൻസിപ്പലായി നിയമിതയായി. ഉൾനാടൻ ഗ്രാമമായ മാങ്കുളത്ത് മികച്ച വിദ്യാഭ്യാസ-ഭരണ പ്രവർത്തനങ്ങൾ കാഴ്ചവെച്ച് സ്കൂളിന്റെ പുരോഗതിക്ക് നിർണായക സംഭാവന നൽകി.

ഇടുക്കി ജില്ലയിലെ പള്ളിക്കാനം സ്വദേശിയായ സലോമി ടീച്ചർ ഇരട്ടയാർ എസ്.ടി.എച്ച്.എസ്.എസ്, കാഞ്ഞിരപ്പള്ളി എസ്.ഡി. കോളേജ്, ചങ്ങനാശ്ശേരി എസ്.ബി. കോളേജ് എന്നിവിടങ്ങളിൽ നിന്നാണ് വിദ്യാഭ്യാസം പൂർത്തിയാക്കിയത്.

രസതന്ത്രം പോലുള്ള കുട്ടികൾക്ക് വിരസമെന്നു തോന്നുന്ന വിഷയങ്ങളെ ലളിതവും സരസവുമായ രീതിയിൽ പഠിപ്പിക്കുന്നതിൽ ടീച്ചർ ശ്രദ്ധേയയായിരുന്നു. ശാസ്ത്രചിന്ത വളർത്തുന്നതിനുള്ള പുതുമയാർന്ന ആശയങ്ങൾ വിദ്യാർത്ഥികളിൽ നട്ടുവളർത്തുന്നതിലും അവർ മുൻപന്തിയിലുണ്ടായിരുന്നു.

Slide 1
Slide 2
Slide 3
Slide 4

അക്കാദമിക, അക്കാദമികേതര മേഖലകളിൽ സജീവ സാന്നിധ്യമായിരുന്ന സലോമി ടീച്ചർ AHSTA വനിതാ ഫോറം ജില്ലാ കൺവീനർ, കട്ടപ്പന എയ്ഡഡ് ടീച്ചേഴ്സ് ഹൗസിംഗ് കോപ്പറേറ്റീവ് ബാങ്ക് ഡയറക്ടർ ബോർഡ് അംഗം, രസതന്ത്ര വിഭാഗം റിസോഴ്‌സ് ഫാക്കൽറ്റി എന്നീ നിലകളിലും പ്രവർത്തിച്ചിട്ടുണ്ട്.

Slide 1
Slide 2
Slide 3
Slide 4

റിട്ടയേർഡ് വിദ്യാഭ്യാസ ഓഫീസർ ടോമി ഫിലിപ്പ് വാഴവരയാണ് ഭർത്താവ്. മക്കൾ: അഞ്ജലി ആൽബിൻ, ഏയ്ഞ്ചല, നിർമൽ.