കോതമംഗലം രൂപതാ ദിനാഘോഷം : പൊതുസമ്മേളനം മാർ റാഫേൽ തട്ടിൽ ഉദ്ഘാടനം ചെയ്തു
കോതമംഗലം രൂപതാ ദിനാഘോഷം, മാർ ജോർജ് പുന്നക്കോട്ടിലിന്റെ നവതി, എപ്പിസ്കോപ്പൽ ഗോൾഡൻ ജൂബിലി ആരംഭം, മാർ ജോർജ് മഠത്തിക്കണ്ടത്തിന്റെയും രൂപതയുടെയും സപ്തതി ആഘോഷങ്ങൾ എന്നിവയുടെ ഭാഗമായി നടന്ന പൊതുസമ്മേളനം മാർ റാഫേൽ തട്ടിൽ ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ സംസാരിച്ച അദ്ദേഹം, മികച്ച സാമൂഹ്യ പ്രവർത്തനങ്ങളിൽ മുന്നിൽ നിൽക്കുന്ന രൂപതയാണ് കോതമംഗലം എന്നും, മിഷനറി ദൈവവിളികൾ കൂടുതൽ വളർത്താൻ രൂപത കൂടുതൽ സജീവമായി മുന്നോട്ടുവരണമെന്നും അഭിപ്രായപ്പെട്ടു.
കോതമംഗലം, ഇടുക്കി രൂപതകളിൽ ദീർഘകാലം സജീവ സാന്നിധ്യമായിരുന്ന മാർ ജോർജ് പുന്നക്കോട്ടിലിന്റെ സേവനത്തെ അദ്ദേഹം പ്രത്യേകം പ്രശംസിച്ചു. അലസതയില്ലാതെ നിരന്തരമായി പ്രവർത്തിച്ചിരുന്ന വ്യക്തിത്വമാണ് അദ്ദേഹത്തിന്റേതെന്നും, ലാളിത്യവും ഉറച്ച നിലപാടുകളും ഉള്ള ഇടയനാണ് നിലവിലെ ഇടയൻ മാർ ജോർജ് മഠത്തിക്കണ്ടത്തിലെന്നും മാർ തട്ടിൽ പറഞ്ഞു. ചരിത്രത്തിൽ ആദ്യമായി ഒരു മലയാളി ജർമനിയിൽ മെത്രാനായതിന്റെ അഭിമാനകരമായ നേട്ടം കോതമംഗലം രൂപതാംഗമായ മാർ ജോഷി പൊട്ടക്കലിലൂടെ സാക്ഷാത്കരിക്കപ്പെട്ടതാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
കർദിനാൾ മാർ ജോർജ് ആലഞ്ചേരി അനുഗ്രഹപ്രഭാഷണം നടത്തി. നവതി ആഘോഷിക്കുന്ന മാർ ജോർജ് പുന്നക്കോട്ടിൽ, സപ്തതി ആഘോഷിക്കുന്ന മാർ ജോർജ് മഠത്തിക്കണ്ടത്തിൽ, ജർമനിയിലെ മയിൻസ് രൂപത സഹായമെത്രാൻ മാർ ജോഷി പൊട്ടക്കൽ എന്നിവരെ കർദിനാൾ പൊന്നാട അണിയിച്ച് ഉപഹാരം നൽകി ആദരിച്ചു.
70 വർഷം പൗരോഹിത്യ ശുശ്രൂഷ പൂർത്തിയാക്കിയ ഫാ. ജോർജ് ഓലിയപ്പുറം സീനിയർ, ജസ്റ്റീസ് ജെ.ബി. കോശി കമ്മീഷൻ പഠന സെക്രട്ടറിയായി സേവനമനുഷ്ഠിച്ച വാഴക്കാല ഇടവകാംഗം ജസ്റ്റീസ് സി.വി. ഫ്രാൻസിസ്, അത്യന്തം സമർപ്പിതമായ സേവനത്തിലൂടെ കുടുംബ പ്രേഷിതത്വത്തിലും ആതുരശുശ്രൂഷാ രംഗത്തും വ്യക്തിമുദ്ര പതിപ്പിച്ച എസ്ഡി സന്യാസസമൂഹത്തിലെ സിസ്റ്റർ ഫൗസ്റ്റിൻ എന്നിവരെയും ചടങ്ങിൽ ആദരിച്ചു.
യാക്കോബായ സഭ കോതമംഗലം മേഖല മെത്രാൻ ഏലിയാസ് മാർ ജൂലിയോസ്, കോതമംഗലം രൂപതയിലെ ബിഷപ്പുമാരായ മാർ തോമസ് പുല്ലോപ്പിള്ളി, മാർ ചാക്കോ തോട്ടുമാരിക്കൽ, മാർ ജോസഫ് കൊടകല്ലിൽ, മാർ ബെന്നി ഇടത്തട്ടേൽ, സിഎംഐ കാർമൽ പ്രോവിൻസ് പ്രൊവിൻഷ്യൽ ഫാ. ജോബി കൊച്ചുമുട്ടം, ഫാ. ഡോ. ഫ്രാൻസിസ് ആലപ്പാട്ട്, പി.ജെ. ജോസഫ് എംഎൽഎ, എംപിമാരായ ഫ്രാൻസിസ് ജോർജ്, ഡീൻ കുര്യാക്കോസ്, എംഎസ്ജെ പ്രൊവിൻഷ്യൽ സുപ്പീരിയർ സിസ്റ്റർ അഭയ, പാസ്റ്ററൽ കൗൺസിൽ ജോയിന്റ് സെക്രട്ടറി ജിബിൻ ജോസ് എന്നിവർ പ്രസംഗിച്ചു.
മാർ ജോർജ് പുന്നക്കോട്ടിൽ, മാർ ജോർജ് മഠത്തിക്കണ്ടത്തിൽ, മാർ ജോഷി പൊട്ടക്കൽ എന്നിവർ മറുപടി പ്രസംഗം നടത്തി. രൂപത വികാരി ജനറാൾമാരായ മോൺ. പയസ് മലേക്കണ്ടത്തിൽ സ്വാഗതവും മോൺ. വിൻസന്റ് നെടുങ്ങാട്ട് നന്ദിയും രേഖപ്പെടുത്തി. സമ്മേളനത്തിന് മുന്നോടിയായി മാർ ജോർജ് പുന്നക്കോട്ടിലിന്റെ മുഖ്യകാർമികത്വത്തിൽ കൃതജ്ഞതാബലിയർപ്പിച്ചു. ഇടുക്കി ബിഷപ് മാർ ജോൺ നെല്ലിക്കുന്നേൽ വചനസന്ദേശം നൽകി.


