കട്ടപ്പന ഫെസ്റ്റിൽ ജനതിരക്കേറുന്നു

കട്ടപ്പന ഫെസ്റ്റിൽ ജനതിരക്കേറുന്നു

കട്ടപ്പന : കട്ടപ്പനയുടെ മഹോത്സവമായ “കട്ടപ്പന ഫെസ്റ്റ് 2K26” ൽ സന്ദർശക തിരക്ക് ദിനംപ്രതി വർധിച്ചുകൊണ്ടിരിക്കുകയാണ്. ഓരോ ദിവസവും വൻ ജനാവലിയാണ് ഫെസ്റ്റ് നഗരിയിലേക്ക് ഒഴുകിയെത്തുന്നത്. പുതുമയും വൈവിധ്യവും നിറഞ്ഞ ആഘോഷ പരിപാടികൾ കട്ടപ്പന ഫെസ്റ്റിനെ ജനഹൃദയങ്ങളിൽ ഇടംനേടിയ മഹോത്സവമാക്കി മാറ്റിയിരിക്കുകയാണ്.

ഫെസ്റ്റ് നഗരിയിലെ പ്രധാന ആകർഷണമായ മത്സ്യകന്യക ഷോ ഇതിനോടകം തന്നെ വലിയ ജനപ്രീതി നേടി. കുട്ടികളിൽ നിന്ന് മുതിർന്നവരിലേക്ക് പ്രായഭേദമന്യേ എല്ലാവരെയും ആകർഷിക്കുന്ന നിരവധി വിനോദ പരിപാടികളാണ് സംഘാടകർ ഒരുക്കിയിരിക്കുന്നത്.

വർണ്ണാഭമായ ഫ്ലവർ ഷോ, ആവേശം നിറക്കുന്ന അമ്യൂസ്മെന്റ് പാർക്ക്, അപൂർവ പക്ഷികളുമായി ഒരുക്കിയ ലൈവ് ബേർഡ് ഷോ, രുചിവൈവിധ്യങ്ങളുടെ കലവറയായ മെഗാ ഫുഡ് കോർട്ട് എന്നിവ ഫെസ്റ്റിനെ കൂടുതൽ ശ്രദ്ധേയമാക്കുന്നു. കുടുംബങ്ങളോടും സുഹൃത്തുക്കളോടും ഒപ്പം സമയം ചെലവഴിക്കാൻ അനുയോജ്യമായ വേദിയായാണ് ഫെസ്റ്റ് നഗറി മാറിയിരിക്കുന്നത്.

ഐഡിയ സ്റ്റാർ സിംഗർ ഫെയിം ജിൻസ് ഗോപിനാഥ് നയിച്ച സൂപ്പർഹിറ്റ് ഗാനമേള ഫെസ്റ്റ് നഗരിയെ സംഗീത ആവേശത്തിലാഴ്ത്തി. തുടർന്നുള്ള ദിവസങ്ങളിലും ശ്രദ്ധേയമായ കലാപരിപാടികളാണ് അരങ്ങേറുന്നത്.

മെയ് 14 ന് വൈകിട്ട് 7.30 ന് പ്രശസ്ത ചലച്ചിത്ര ഗായിക വൈക്കം വിജയലക്ഷ്മി നയിക്കുന്ന ഗാനമേളയും, മെയ് 16 ന് വൈകിട്ട് 7.30 ന് പ്രശസ്ത നാടൻപാട്ട് കലാകാരി പ്രസീത ചാലക്കുടി അവതരിപ്പിക്കുന്ന “നാട്ടാരങ്ങ്” മെഗാ ഫോക്ക് ഷോയും ഫെസ്റ്റിന്റെ പ്രധാന ആകർഷണങ്ങളായിരിക്കും.