ദീപാ ഹൈസ്‌കൂളിൽ ബസുകൾ കത്തിനശിച്ച സംഭവം : അപകടം അറ്റകുറ്റപ്പണികൾക്കിടയിൽ ഷോർട്ട് സർക്യൂട്ട് മൂലം എന്ന് പ്രാഥമിക നിഗമനം
ഇടുക്കി: കുഴിത്തൊളു ദീപാ ഹൈസ്‌കൂളിൽ നിർത്തിയിട്ടിരുന്ന രണ്ട് സ്കൂൾ ബസുകൾ തീപിടിച്ച് പൂർണമായും കത്തിനശിച്ചു. ചൊവ്വാഴ്ച രാവിലെയായിരുന്നു സംഭവം.
ഷെഡിൽ പാർക്ക് ചെയ്തിരുന്ന ഒരു ബസിൽ നിന്നാണ് ആദ്യം തീ ഉയർന്നത്. ഇത് ശ്രദ്ധയിൽപ്പെട്ട നാട്ടുകാർ ഉടൻ സ്കൂൾ അധികൃതരെയും അഗ്നിരക്ഷാസേനയെയും വിവരം അറിയിച്ചു. എന്നാൽ നിമിഷങ്ങൾക്കുള്ളിൽ തീ സമീപത്തുണ്ടായിരുന്ന രണ്ടാമത്തെ ബസിലേക്കും പടരുകയായിരുന്നു.
കേരള ഫയർ ആൻഡ് റെസ്ക്യൂ സർവീസസ്ന്റെ കട്ടപ്പന യൂണിറ്റും നാട്ടുകാരും ചേർന്ന് നടത്തിയ ശ്രമത്തിനൊടുവിലാണ് തീ നിയന്ത്രണ വിധേയമാക്കിയത്. എന്നാൽ അതിനുമുമ്പ് തന്നെ രണ്ട് ബസുകളും പൂർണമായും കത്തിനശിച്ചിരുന്നു.
ബസ് അറ്റകുറ്റപ്പണികളുടെ ഭാഗമായി വെൽഡിങ് ജോലികൾ നടന്നുവരികയായിരുന്നു. ഇതിനിടെ ഉണ്ടായ ഷോർട്ട് സർക്യൂട്ടാണ് തീപിടിത്തത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം.


