എസ്.ബി.ഐ ജീവനക്കാരുടെ അഖിലേന്ത്യാ പണിമുടക്ക് : ഐക്യദാർഢ്യ യോഗം ചേർന്നു
കട്ടപ്പന: വിവിധ ആവശ്യങ്ങളുന്നയിച്ച് സ്റ്റേറ്റ് ബാങ്ക് ജീവനക്കാർ നടത്തുന്ന അഖിലേന്ത്യാ പണിമുടക്കിന് അഭിവാദ്യമർപ്പിച്ച് ആൾ ഇന്ത്യ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ സ്റ്റാഫ് ഫെഡറേഷന്റെ നേതൃത്വത്തിൽ കട്ടപ്പനയിൽ പ്രതിഷേധയോഗം സംഘടിപ്പിച്ചു. ഈ മാസം 25, 26 തീയതികളിലാണ് രാജ്യവ്യാപക പണിമുടക്ക് നടക്കുന്നത്.
കട്ടപ്പന സ്റ്റേറ്റ് ബാങ്ക് ശാഖയ്ക്ക് മുന്നിൽ നടന്ന പ്രതിഷേധയോഗം സ്റ്റേറ്റ് ബാങ്ക് സ്റ്റാഫ് യൂണിയൻ കേരള സർക്കിൾ അസിസ്റ്റന്റ് ജനറൽ സെക്രട്ടറി ആർ. പ്രദീഷ് ഉദ്ഘാടനം ചെയ്തു.
പ്യൂൺ, ഗാർഡ്, ക്ലർക്ക് നിയമനങ്ങൾ അടിയന്തരമായി നടത്തുക, എൻ.പി.എസ് പെൻഷൻ ഫണ്ട് മാനേജരെ തിരഞ്ഞെടുക്കാനുള്ള അവകാശം തൊഴിലാളികൾക്ക് നൽകുക, അർഹതപ്പെട്ട മുഴുവൻ ഘടകങ്ങളും പെൻഷൻ പരിഗണനയിൽ ഉൾപ്പെടുത്തുക, 2019 മുതൽ നിയമനം ലഭിച്ച ജീവനക്കാർക്ക് അന്തർസംസ്ഥാന സ്ഥലംമാറ്റാവകാശം പുനഃസ്ഥാപിക്കുക, നീതിപൂർവമായ ശമ്പള ഘടന ഉറപ്പാക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചാണ് പണിമുടക്ക് നടത്തുന്നതെന്ന് നേതാക്കൾ അറിയിച്ചു.
വിവിധ ശാഖകളെയും യൂണിറ്റുകളെയും പ്രതിനിധീകരിച്ച് നിരവധി ജീവനക്കാർ പ്രതിഷേധത്തിൽ പങ്കെടുത്തു. റീജിയണൽ സെക്രട്ടറി ശ്രീകുമാർ, യൂണിറ്റ് സെക്രട്ടറിമാരായ ആർ. രമ്യ, ടെസി ജോസ്, റോയിസ് ജോർജ്, സാബു ജോസഫ് എന്നിവർ നേതൃത്വം നൽകി.


