കട്ടപ്പന ഫെസ്റ്റിൽ ആവേശം നിറച്ച് മത്സ്യകന്യക
കട്ടപ്പന ഫെസ്റ്റ് 2k26 നഗരിയെ ആവേശത്തിലാഴ്ത്തി മത്സ്യകന്യക ഷോ ജനശ്രദ്ധ നേടുന്നു. വിവിധ കാഴ്ചകളും വിനോദ പരിപാടികളും കൊണ്ട് വർണാഭമായ ഫെസ്റ്റ് നഗരിയിൽ ഏറ്റവും കൂടുതൽ ആളുകളെ ആകർഷിക്കുന്നത് മർമയിഡ് ഷോയാണ്. നാല് മത്സ്യകന്യകമാർ അവതരിപ്പിക്കുന്ന വിസ്മയ കാഴ്ചകൾ കാണാൻ സ്ത്രീകളും കുട്ടികളും ഉൾപ്പെടെ വലിയ തിരക്കാണ് ദിനംപ്രതി അനുഭവപ്പെടുന്നത്.
വ്യത്യസ്തമായ അവതരണ ശൈലിയും കൗതുകമുണർത്തുന്ന പ്രകടനങ്ങളും കൊണ്ടാണ് ഷോ പ്രേക്ഷക ഹൃദയങ്ങൾ കീഴടക്കുന്നത്. കുടുംബസമേതം എത്തുന്നവർക്ക് പുതുമയാർന്ന അനുഭവമായി മത്സ്യകന്യക ഷോ മാറിക്കഴിഞ്ഞു.
ഫെസ്റ്റിന്റെ ഭാഗമായി നിരവധി വിനോദ പരിപാടികളും അരങ്ങേറുന്നുണ്ട്. ഇന്ന് വൈകിട്ട് 7.30 മുതൽ മജീഷ്യൻ ജോവാൻ മധുമലയുടെ വൺമാൻ ഷോ നടക്കും. മെയ് 14ന് വൈകിട്ട് 7.30ന് പ്രശസ്ത ചലച്ചിത്ര പിന്നണി ഗായിക വൈക്കം വിജയലക്ഷ്മി നയിക്കുന്ന സൂപ്പർഹിറ്റ് ഗാനമേളയും അരങ്ങേറും.
മെയ് 16ന് പ്രശസ്ത നാടൻപാട്ട് കലാകാരി പ്രസീത ചാലക്കുടി നയിക്കുന്ന “നാട്ടരങ്ങ്” മെഗാ ഫോക്ക് ഷോയും, മെയ് 17ന് കൊച്ചിൻ ഡ്രീം ടീം അവതരിപ്പിക്കുന്ന ഫാമിലി മെഗാ ഷോയും ഫെസ്റ്റിന് കൂടുതൽ ആവേശം പകരും.


