ന്യൂനമർദം; സംസ്ഥാനത്ത് ശക്തമായ മഴക്ക് സാധ്യത, 6 ജില്ലകളിൽ യെല്ലോ അലർട്ട്
ബംഗാൾ ഉൾക്കടലിൽ രൂപപ്പെട്ട ന്യൂനമർദം ശക്തി കൂടിയ ന്യൂനമർദമായി മാറിയ സാഹചര്യത്തിൽ കേരളത്തിൽ അടുത്ത ദിവസങ്ങളിലും ഇടിമിന്നലോടുകൂടിയ ശക്തമായ മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. സംസ്ഥാനത്തെ വിവിധ ജില്ലകളിൽ യെല്ലോ അലർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്.
ഇന്ന് ഇടുക്കി, എറണാകുളം, മലപ്പുറം, കോഴിക്കോട്, കണ്ണൂർ, കാസർഗോഡ് ജില്ലകളിലാണ് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിച്ചിരിക്കുന്നത്. 24 മണിക്കൂറിൽ 64.5 മില്ലിമീറ്റർ മുതൽ 115.5 മില്ലിമീറ്റർ വരെ ലഭിക്കുന്ന മഴയെയാണ് ശക്തമായ മഴയായി കണക്കാക്കുന്നത്.
തെക്കുപടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിനും അതിനോട് ചേർന്നുള്ള മധ്യ പടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിനും മുകളിലായി നിലനിന്നിരുന്ന ന്യൂനമർദം ഇപ്പോൾ ശക്തിപ്രാപിച്ചിരിക്കുകയാണ്. ഇതിന്റെ സ്വാധീനഫലമായി മേയ് 16 വരെ കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോടുകൂടിയ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥ വകുപ്പ് അറിയിച്ചു.
അടുത്ത അഞ്ച് ദിവസങ്ങളിൽ കേരളത്തിലും മാഹിയിലും വ്യാപകമായി മഴ ലഭിക്കാനും മണിക്കൂറിൽ 30 മുതൽ 50 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റ് വീശാനും സാധ്യതയുണ്ട്. ഇടിമിന്നലിനും കാറ്റിനും മുൻകരുതൽ സ്വീകരിക്കണമെന്ന് അധികൃതർ നിർദേശിച്ചു.
അതേസമയം അടുത്ത മൂന്ന് മണിക്കൂറിനുള്ളിൽ തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂർ ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോടുകൂടിയ നേരിയ മുതൽ ഇടത്തരം മഴയ്ക്കും മണിക്കൂറിൽ 40 കിലോമീറ്റർ വരെ വേഗതയിൽ കാറ്റിനും സാധ്യതയുണ്ടെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നൽകി.
മേയ് 16ഓടെ തെക്കൻ ബംഗാൾ ഉൾക്കടൽ, ആൻഡമാൻ കടൽ, ആൻഡമാൻ നിക്കോബാർ ദ്വീപുകൾ എന്നിവിടങ്ങളിൽ കാലവർഷം എത്തിച്ചേരാനും സാധ്യതയുണ്ടെന്നാണ് കാലാവസ്ഥ വകുപ്പിന്റെ വിലയിരുത്തൽ.


