നേതാജി ബൈപാസിന് ശാപമോക്ഷം; ടാറിംഗ് അവസാന ഘട്ടത്തിൽ

നേതാജി ബൈപാസിന് ശാപമോക്ഷം; ടാറിംഗ് അവസാന ഘട്ടത്തിൽ

കട്ടപ്പന: നാളുകളായി നാട്ടുകാരെയും വാഹനയാത്രികരെയും ഒരുപോലെ ബുദ്ധിമുട്ടിലാക്കിയിരുന്ന കട്ടപ്പന ഓശാനം സ്കൂൾ–നേതാജി ബൈപാസ് റോഡിന്റെ നിർമ്മാണ പ്രവർത്തനങ്ങൾ അവസാന ഘട്ടത്തിലെത്തി. ഏറെ നാളായി മന്ദഗതിയിൽ മുന്നേറിയിരുന്ന റോഡ് പുനർനിർമാണത്തിൻ്റെ  ടാറിംഗ് പ്രവർത്തനങ്ങൾ ഇപ്പോൾ വേഗത്തിൽ പുരോഗമിക്കുകയാണെന്നും, നാളെയോടെ റോഡ് ഗതാഗതത്തിനായി തുറന്നു നൽകാൻ സാധിക്കുമെന്ന പ്രതീക്ഷയിലാണ് പൊതുമരാമത്ത് വകുപ്പ് അധികൃതർ.

കട്ടപ്പന നഗരത്തിലെ ഗതാഗത കുരുക്കിന് പരിഹാരമായി ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന പദ്ധതികളിൽ ഒന്നാണ് നേതാജി ബൈപാസ്. നഗരത്തിന്റെ ഹൃദയഭാഗത്തെ തിരക്ക് ഒഴിവാക്കി വാഹനങ്ങൾ എളുപ്പത്തിൽ കടന്നുപോകാൻ സഹായിക്കുന്ന ഈ റോഡ് തുറക്കുന്നതോടെ കട്ടപ്പനയിലെ ട്രാഫിക് പ്രശ്നങ്ങൾക്ക് ഒരു പരിധിവരെ ശമനമുണ്ടാകുമെന്നാണ് നാട്ടുകാരുടെ പ്രതീക്ഷ.

റോഡിൽ ഉയർന്ന നിലവാരത്തിലുള്ള ബി.എം.ബി.സി (Bituminous Macadam Bituminous Concrete) ടാറിംഗ് രീതിയാണ് ഉപയോഗിക്കുന്നത്. ദീർഘകാലം നിലനിൽക്കുന്ന, കൂടുതൽ മിനുസവും സുരക്ഷയും നൽകുന്ന രീതിയായതിനാൽ യാത്രാസൗകര്യം മെച്ചപ്പെടുമെന്ന വിലയിരുത്തലുമുണ്ട്.

തണലിടം പദ്ധതിയുമായി ബന്ധിപ്പിക്കുന്ന പ്രധാന വഴിയായതിനാൽ ഭാവിയിൽ നഗര ഗതാഗത രംഗത്ത് വലിയ മാറ്റങ്ങൾക്ക് ഈ റോഡ് വഴിയൊരുക്കുമെന്നാണ് വിലയിരുത്തപ്പെടുന്നത്. സ്കൂൾ മേഖലയും നഗരകേന്ദ്രവും ബന്ധിപ്പിക്കുന്ന പ്രധാന പാതയായതിനാൽ വിദ്യാർത്ഥികൾക്കും വ്യാപാരികൾക്കും പൊതുജനങ്ങൾക്കും വലിയ ആശ്വാസമാകുന്നതാണ് പദ്ധതി.

നിർമ്മാണ പ്രവർത്തനങ്ങൾ വേഗത്തിൽ പൂർത്തിയാക്കി റോഡ് യാഥാർത്ഥ്യമാകുന്നതിൽ നാട്ടുകാർ സന്തോഷം പ്രകടിപ്പിച്ചു. മഴക്കാലത്തിന് മുൻപ് റോഡ് ഗതാഗതത്തിന് തുറക്കാനാകുന്നത് ഏറെ പ്രയോജനകരമാകുമെന്നും പ്രദേശവാസികൾ അഭിപ്രായപ്പെട്ടു.