ഇടുക്കി, ചെറുതോണി ഡാമുകൾ മേയ് 31 വരെ സന്ദർശിക്കാം

ഇടുക്കി, ചെറുതോണി ഡാമുകൾ  മേയ് 31 വരെ സന്ദർശിക്കാം

വേനലവധിക്കാലം പരിഗണിച്ച് നിബന്ധനകൾക്ക് വിധേയമായി ഇടുക്കി ഡാം, ചെറുതോണി ഡാം എന്നിവ പൊതുജനങ്ങൾക്ക് മേയ് 31 വരെ സന്ദർശിക്കാൻ സർക്കാർ അനുമതി നൽകി.

അണക്കെട്ടുകളിൽ അറ്റകുറ്റപ്പണികളും കാലവർഷാരംഭത്തിന് മുമ്പ് സുരക്ഷാ പ്രവർത്തനങ്ങളും പുരോഗമിക്കുന്നതിനാൽ ജോലികൾക്ക് തടസമുണ്ടാകാത്ത രീതിയിൽ കാൽനടയായി മാത്രമാണ് സന്ദർശനം അനുവദിച്ചിരിക്കുന്നത്. സുരക്ഷാ മാനദണ്ഡങ്ങൾ കർശനമായി പാലിക്കണമെന്ന വ്യവസ്ഥയിൽ ബഗ്ഗി കാർ സർവീസ് ഒഴിവാക്കിയിട്ടുണ്ട്.

ടൂറിസം പ്രവർത്തനങ്ങൾ പുനരാരംഭിക്കുന്നതിനായി ആവശ്യമായ അനുമതി നൽകണമെന്നാവശ്യപ്പെട്ട് കേരള ഹൈഡൽ ടൂറിസം സെന്റർ ഡയറക്ടർ സർക്കാരിനെ സമീപിച്ചിരുന്നു. തുടർന്ന് ജില്ലാ കളക്ടറുടെ ഓഫീസും സുരക്ഷാ നിർദേശങ്ങളോടൊപ്പം സന്ദർശനം അനുവദിക്കാമെന്ന് സർക്കാരിനെ അറിയിക്കുകയായിരുന്നു.

ഇക്കാര്യം വിശദമായി പരിശോധിച്ച ശേഷമാണ് സർക്കാർ അനുമതി നൽകിയത്. എന്നാൽ ബുധനാഴ്ചകളിൽ, ഡാമിൽ വെള്ളം തുറന്നുവിടുന്ന ദിവസങ്ങളിൽ, ശക്തമായ മഴ മുന്നറിയിപ്പ് നിലനിൽക്കുന്ന സമയങ്ങളിൽ, കൂടാതെ ജില്ലാ ദുരന്ത നിവാരണ അതോറിറ്റി നിയന്ത്രണം ഏർപ്പെടുത്തുന്ന ദിവസങ്ങളിലും സന്ദർശനാനുമതി ഉണ്ടായിരിക്കില്ല.

നേരത്തെ ഡിസംബർ 31 വരെയായിരുന്നു ഡാമുകളിലേക്കുള്ള പ്രവേശനാനുമതി നൽകിയിരുന്നത്.