യുവതലമുറയിലൂടെ പരിസ്ഥിതി സംരക്ഷണം ശക്തിപ്പെടണം: അപ്പു ജോൺ ജോസഫ്
ഇടുക്കി: പരിസ്ഥിതി സംരക്ഷണം യുവതലമുറയിലൂടെ ശക്തിപ്പെടേണ്ടതുണ്ടെന്നും ദേവാലയങ്ങളെപ്പോലെ തന്നെ നമ്മുടെ പരിസ്ഥിതിയെയും പവിത്രമായി കാണണമെന്നും ചീഫ് വിപ്പ് അപ്പു ജോൺ ജോസഫ് പറഞ്ഞു. കാർഷിക വികസന കർഷക ക്ഷേമ വകുപ്പിന്റെ നേതൃത്വത്തിൽ സംഘടിപ്പിച്ച ജില്ലാതല പരിസ്ഥിതി ദിനാചരണം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
കുണിഞ്ഞി സെന്റ് ആന്റണീസ് ഹൈസ്‌കൂൾ വേദിയായ ചടങ്ങിൽ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പ്രൊഫ. ഷീല സ്റ്റീഫൻ അധ്യക്ഷത വഹിച്ചു.
പരിസ്ഥിതി സംരക്ഷണം ഒരു സാമൂഹിക ഉത്തരവാദിത്വമാണെന്നും പ്രകൃതിയെ സംരക്ഷിക്കുന്നതിലൂടെ മാത്രമേ ഭാവി തലമുറകൾക്ക് സുരക്ഷിതമായ ജീവിതസാഹചര്യങ്ങൾ ഉറപ്പാക്കാനാകൂ എന്നും അപ്പു ജോൺ ജോസഫ് പറഞ്ഞു.
ചടങ്ങിൽ മുഹമ്മദ് അൻഷാദ്, ടി.സി. ജോബ്, ജോസുകുട്ടി ജോസ്, അശ്വതി വിജയൻ, പി. പ്രിയദർശിനി, ഫാ. സെബാസ്റ്റ്യൻ പന്നാരക്കുന്നേൽ, ഫാ. ജിസ് മാത്യു, ബിബിത അനൂപ്, മാർട്ടിൻ ജോസഫ്, റെനീഷ് മാത്യു, ടി.ജി. ആര്യാംബ, ബിജി എം. ചെമ്പരത്തി, അനഹ കൃഷ്ണൻ എന്നിവർ സംസാരിച്ചു.
പരിസ്ഥിതി ദിനാചരണത്തിന്റെ ഭാഗമായി കൃഷി വകുപ്പിന്റെ നേതൃത്വത്തിൽ ജില്ലയിലെ മുഴുവൻ സ്കൂളുകളിലേക്കും വൃക്ഷത്തൈകൾ വിതരണം ചെയ്തു. വിദ്യാർത്ഥികളിൽ പരിസ്ഥിതി ബോധം വളർത്തുന്നതിനായി പ്രത്യേക ബോധവത്കരണ ക്ലാസുകളും സംഘടിപ്പിച്ചു.




