ആത്മവിശ്വാസത്തിന്റെ വിജയഗാഥ; കട്ടപ്പന വിദ്യാഭ്യാസ ജില്ലയിലെ ആദ്യ അംബാസഡറായി എസ്‌തേർ മരിയ ടോമി

ആത്മവിശ്വാസത്തിന്റെ വിജയഗാഥ; കട്ടപ്പന വിദ്യാഭ്യാസ ജില്ലയിലെ ആദ്യ അംബാസഡറായി എസ്‌തേർ മരിയ ടോമി

കട്ടപ്പന: ഉയരക്കുറവ് ജീവിതത്തിലെ പരിമിതിയായി കാണാതെ ആത്മവിശ്വാസവും കഠിനാധ്വാനവും കൊണ്ട് ശ്രദ്ധേയ വിജയം കൈവരിച്ച എസ്‌തേർ മരിയ ടോമിക്ക് പുതിയ അംഗീകാരം. കട്ടപ്പന വിദ്യാഭ്യാസ ജില്ലയിലെ ആദ്യ അംബാസഡറായി എസ്‌തേർ മരിയ ടോമിയെ ജില്ലാ വിദ്യാഭ്യാസ ഓഫീസർ ആൻസൺ ജോസഫ് പ്രഖ്യാപിച്ചു.

വെള്ളയാംകുടി സെന്റ് ജെറോംസ് ഹയർ സെക്കൻഡറി സ്‌കൂളിലെ വിദ്യാർത്ഥിനിയായ എസ്‌തേർ, എസ്.എസ്.എൽ.സി., പ്ലസ് വൺ, പ്ലസ് ടു പരീക്ഷകളിൽ ഗ്രേസ് മാർക്കില്ലാതെ എല്ലാ വിഷയങ്ങൾക്കും എ പ്ലസ് നേടി അപൂർവ നേട്ടമാണ് സ്വന്തമാക്കിയത്. ജന്മനാ ക്ലാസ് എ പ്ലസ് ടൈപ്പ് ടു സിൻഡ്രോം ബാധിച്ച എസ്‌തേറിന് 80 സെന്റിമീറ്റർ ഉയരവും 10 കിലോഗ്രാം തൂക്കവുമാണുള്ളത്.

ശാരീരിക വെല്ലുവിളികൾക്കിടയിലും പഠനരംഗത്ത് അസാധാരണ മികവ് തെളിയിച്ച എസ്‌തേറിന്റെ നേട്ടം സമൂഹത്തിന് വലിയ പ്രചോദനമായി മാറിയിരിക്കുകയാണ്. ഇതിന്റെ ഭാഗമായി ജില്ലാ വിദ്യാഭ്യാസ ഓഫീസർ ആൻസൺ ജോസഫ് എസ്‌തേറിന്റെ വീട്ടിലെത്തി കട്ടപ്പന വിദ്യാഭ്യാസ ജില്ലയിലെ ആദ്യ അംബാസഡറായി പ്രഖ്യാപിക്കുകയും ആദരിക്കുകയും ചെയ്തു. റോയ് കെ. പൗലോസ് എം.എൽ.എയും വീട്ടിലെത്തി എസ്‌തേറിനെ അനുമോദിച്ചു.

ഡോക്ടറാകുക എന്ന ലക്ഷ്യത്തോടെ പഠനം തുടരുന്ന എസ്‌തേറിന് വിവിധ സാമൂഹിക, സാംസ്‌കാരിക, വിദ്യാഭ്യാസ സംഘടനകളുടെ അഭിനന്ദനങ്ങളും ആദരവുകളും ലഭിച്ചുവരികയാണ്. പ്രതികൂല സാഹചര്യങ്ങളെ ആത്മവിശ്വാസത്തോടെ നേരിട്ട് ശ്രദ്ധേയ വിജയം കൈവരിച്ച എസ്‌തേർ മരിയ ടോമിയുടെ ജീവിതയാത്ര ജില്ലയിലെ വിദ്യാർത്ഥികൾക്ക് പ്രതീക്ഷയും പ്രചോദനവും പകരുന്നതായി വിദ്യാഭ്യാസ പ്രവർത്തകർ അഭിപ്രായപ്പെട്ടു.

ആദരിക്കൽ ചടങ്ങിൽ കെ.പി.സി.സി ജില്ലാ സെക്രട്ടറി തോമസ് രാജൻ, കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് സിജു ചക്കുംമൂട്ടിൽ, ഐ.എൻ.ടി.യു.സി മണ്ഡലം പ്രസിഡന്റ് പ്രശാന്ത് രാജു, കേരള കർഷക കോൺഗ്രസ് സെക്രട്ടറി ജോസ് മുത്തനാട്ട്, നഗരസഭ കൗൺസിലർ ബീന സിബി, ഡി.സി.സി സെക്രട്ടറി മനോജ് മുരളി, ഐ.എൻ.ടി.യു.സി സെക്രട്ടറി സി.എം. മത്തായി എന്നിവർ പങ്കെടുത്തു.