പുളിയന്മല കമ്പനിപ്പടിയിൽ അപകട പരമ്പര;ഓടിക്കൊണ്ടിരുന്ന വാഹനത്തിന് മുകളിൽ മരച്ചില്ല വീണു
പുളിയന്മല: പുളിയന്മല കമ്പനിപ്പടിയിൽ ഓടിക്കൊണ്ടിരുന്ന വാഹനത്തിന് മുകളിലേക്ക് മരച്ചില്ല ഒടിഞ്ഞുവീണ് അപകടം. വാഹനത്തിലുണ്ടായിരുന്നവർ പരിക്കുകളില്ലാതെ രക്ഷപ്പെട്ടെങ്കിലും വാഹനത്തിന് സാരമായ കേടുപാടുകൾ സംഭവിച്ചു.
അപകടത്തിന് പിന്നാലെ റോഡിലേക്ക് പതിച്ച മരച്ചില്ല വൈദ്യുതി ലൈനിലും നാശനഷ്ടം വരുത്തി. ഇതോടെ പൊട്ടിവീണ വൈദ്യുതി കമ്പിയിൽ ഇതുവഴി കടന്നുപോയ ഒരു ടൂറിസ്റ്റ് വാഹനം ഉടക്കുകയായിരുന്നു. ഇതിന്റെ ആഘാതത്തിൽ വൈദ്യുതി പോസ്റ്റ് ഒടിഞ്ഞ് സമീപത്തെ വ്യാപാരസ്ഥാപനത്തിന്റെ മുകളിലേക്ക് പതിക്കുകയും ചെയ്തു.
സജീ ഭവനിൽ യദുകൃഷ്ണന്റെ ഉടമസ്ഥതയിലുള്ള വ്യാപാരസ്ഥാപനത്തിന്റെ മുകളിലേക്കാണ് വൈദ്യുതി പോസ്റ്റ് വീണത്. അപകടത്തിൽ സ്ഥാപനത്തിന്റെ മേൽക്കൂരയിലെ ഷീറ്റുകളും സീലിംഗും തകർന്നു. വ്യാപാരസ്ഥാപനത്തിന് ഗണ്യമായ നാശനഷ്ടമാണ് ഉണ്ടായത്.
സംഭവത്തെ തുടർന്ന് പാതയിൽ ഏറെ നേരം ഗതാഗത തടസ്സം അനുഭവപ്പെട്ടു.




