ഇടുക്കിയിൽ വിനോദസഞ്ചാരികൾക്കും റൈഡർമാർക്കും സുരക്ഷ ഉറപ്പാക്കണം: മൗണ്ടൻ റോയൽ ബുള്ളറ്റ് ക്ലബ്ബ്

ഇടുക്കിയിൽ വിനോദസഞ്ചാരികൾക്കും റൈഡർമാർക്കും സുരക്ഷ ഉറപ്പാക്കണം: മൗണ്ടൻ റോയൽ ബുള്ളറ്റ് ക്ലബ്ബ്

കട്ടപ്പന: ഇടുക്കിയിലെത്തുന്ന വിനോദസഞ്ചാരികൾക്കും റൈഡർമാർക്കും നേരെ തുടർച്ചയായി ഉണ്ടാകുന്ന ആക്രമണങ്ങളിൽ പ്രതിഷേധിച്ച് മൗണ്ടൻ റോയൽ ബുള്ളറ്റ് ക്ലബ്ബിന്റെ നേതൃത്വത്തിൽ ശക്തമായ പ്രതിഷേധത്തിനൊരുങ്ങുന്നു. കഴിഞ്ഞ കുറേ നാളുകളായി ജില്ലയിലെത്തുന്ന സഞ്ചാരികൾക്ക് നേരെ നിരന്തരമായ ആക്രമണങ്ങളാണ് അരങ്ങേറുന്നത്. സഞ്ചാരികളുടെ പ്രധാന ഇടമായിട്ടും, ഇത്തരം സാമൂഹിക വിരുദ്ധ അക്രമങ്ങൾ തടയുന്നതിനാവശ്യമായ ടൂറിസം പോലീസ് സ്റ്റേഷനുകളോ ഔട്ട് പോസ്റ്റുകളോ പല ടൂറിസ്റ്റ് കേന്ദ്രങ്ങളിലും ഇല്ലെന്ന് ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ കുറ്റപ്പെടുത്തി.

​വണ്ടിപ്പെരിയാർ സത്രം മേഖലയിൽ റൈഡർമാർക്ക് നേരെ നടന്ന ആക്രമണമാണ് ഇതിൽ ഏറ്റവും ഒടുവിലത്തേത്. മൂന്നാർ ഉൾപ്പെടെയുള്ള വിനോദസഞ്ചാര മേഖലകളിൽ ഇത്തരം സംഭവങ്ങൾ ദിനംപ്രതി വർദ്ധിച്ചുവരികയാണ്. സുരക്ഷാ ഭീഷണിയെത്തുടർന്ന് നിരവധി റൈഡർമാരും സഞ്ചാരികളും ഇടുക്കിയെ കൈവിടുന്ന സാഹചര്യമാണ് നിലവിലുള്ളത്. ഈ സ്ഥിതി തുടർന്നാൽ ജില്ലയിലെ ടൂറിസം മേഖല വലിയ പ്രതിസന്ധിയിലാകും. വിഷയത്തിൽ സർക്കാരിന്റെ അടിയന്തര ഇടപെടൽ ഉണ്ടാകണമെന്ന് ക്ലബ്ബ് ആവശ്യപ്പെട്ടു.

​21-ാം തീയതി പ്രതിഷേധ റൈഡ്

​സംഭവത്തിൽ പ്രതിഷേധിച്ചും ടൂറിസ്റ്റുകളുടെ സുരക്ഷ ഉറപ്പാക്കണമെന്ന് ആവശ്യപ്പെട്ടും വരുന്ന 21-ാം തീയതി ഞായറാഴ്ച രാവിലെ 10 മണിക്ക് മോട്ടോർ സൈക്കിൾ പ്രതിഷേധ റൈഡ് സംഘടിപ്പിക്കും. വിവിധ ജില്ലകളിൽ നിന്നുള്ള റൈഡർമാരെ ഉൾപ്പെടുത്തി ജില്ലയിലെ പ്രധാന ടൂറിസം കേന്ദ്രങ്ങളായ തേക്കടി, പരുന്തുമ്പാറ, വാഗമൺ എന്നിവിടങ്ങളിലേക്കാണ് പ്രതിഷേധ റൈഡ് നടത്തുന്നത്.

​ഇതിനുപുറമേ, വിഷയത്തിൽ അടിയന്തര ശ്രദ്ധ ആവശ്യപ്പെട്ടുകൊണ്ട് ബഹുമാനപ്പെട്ട കേരള മുഖ്യമന്ത്രി, ടൂറിസം മന്ത്രി, ജില്ലാ കളക്ടർ എന്നിവർക്ക് പരാതി നൽകുമെന്നും ഭാരവാഹികൾ അറിയിച്ചു. കട്ടപ്പനയിൽ വിളിച്ചുചേർത്ത വാർത്താസമ്മേളനത്തിൽ ക്ലബ്ബ് പ്രസിഡന്റ് ജോയൽ ജോസ്, ബിനോയി കുര്യാക്കോസ്, സജിദാസ് മോഹൻ, ജിനു രവി, ജോജി ജോസഫ് എന്നിവർ പങ്കെടുത്തു.