ദേശീയ ലോക് അദാലത്ത്: ഇടുക്കി ജില്ലയിൽ 4.5 കോടി രൂപയുടെ കേസുകൾ തീർപ്പാക്കി
ജില്ലാ ലീഗൽ സർവീസസ് അതോറിറ്റിയുടെ നേതൃത്വത്തിൽ ഇടുക്കി ജില്ലയിൽ സംഘടിപ്പിച്ച ദേശീയ ലോക് അദാലത്തിൽ വിവിധ വിഭാഗങ്ങളിലായി 3,724 കേസുകൾ പരിഗണിക്കുകയും 4.5 കോടി രൂപയുടെ വ്യവഹാരങ്ങൾ ഒത്തുതീർപ്പിലൂടെ തീർപ്പാക്കുകയും ചെയ്തു.
വിവിധ കോടതികളുടെ പരിഗണനയിലുള്ളതും അല്ലാത്തതുമായ സിവിൽ, ക്രിമിനൽ കേസുകൾ, ബാങ്ക് വായ്പാ കേസുകൾ, ബി.എസ്.എൻ.എൽ കേസുകൾ, പി.എൽ.പി കേസുകൾ തുടങ്ങിയവയാണ് അദാലത്തിൽ പരിഗണിച്ചത്.
ജില്ലാതല ലോക് അദാലത്തിന് ജില്ലാ ലീഗൽ സർവീസസ് അതോറിറ്റി ചെയർമാനും പ്രിൻസിപ്പൽ ജില്ലാ ആൻഡ് സെഷൻസ് ജഡ്ജുമായ സാനു എസ്. പണിക്കർ നേതൃത്വം നൽകി. തൊടുപുഴ, ദേവികുളം, അടിമാലി, ഉടുമ്പൻചോല, പീരുമേട്, നെടുങ്കണ്ടം, ഇടുക്കി എന്നീ കോടതി സമുച്ചയങ്ങളിലാണ് അദാലത്ത് സംഘടിപ്പിച്ചത്. അതത് താലൂക്ക് ലീഗൽ സർവീസസ് കമ്മിറ്റികളുടെ ചെയർമാൻമാർ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി.
മജിസ്‌ട്രേറ്റ് കോടതികളിലും ഗ്രാമ ന്യായാലയങ്ങളിലുമായി കെട്ടിക്കിടന്നിരുന്ന പെറ്റി കേസുകൾ വേഗത്തിൽ തീർപ്പാക്കുന്നതിനായി ദേശീയ ലോക് അദാലത്തിനോടനുബന്ധിച്ച് പ്രത്യേക പെറ്റി ഡ്രൈവും സംഘടിപ്പിച്ചു.
മോട്ടോർ വാഹന അപകട ഇൻഷുറൻസ് കേസുകൾ ഉൾപ്പെടെയുള്ള വിവിധ കേസുകളാണ് ലോക് അദാലത്തിലൂടെ ഒത്തുതീർപ്പാക്കിയത്. പണച്ചെലവില്ലാതെയും അപ്പീലിന്റെ സാധ്യതകളില്ലാതെയും പരസ്പര ധാരണയിലൂടെ കേസുകൾ പരിഹരിക്കാനാകുന്ന ലോക് അദാലത്ത് നിരവധി ആളുകൾക്ക് ഏറെ പ്രയോജനകരമായതായി ജില്ലാ ലീഗൽ സർവീസസ് അതോറിറ്റി സെക്രട്ടറിയും സബ് ജഡ്ജുമായ സിജി എൻ.എൻ. അറിയിച്ചു.



