ഫുട്ബോൾ ആവേശത്തിനൊപ്പം വായനയുടെ സന്ദേശവുമായി 'ഇടുക്കി ഫിഫ വേൾഡ് കപ്പ് ബുക്ക് ചലഞ്ച് 2026'

ഫുട്ബോൾ ആവേശത്തിനൊപ്പം വായനയുടെ സന്ദേശവുമായി 'ഇടുക്കി ഫിഫ വേൾഡ് കപ്പ് ബുക്ക് ചലഞ്ച് 2026'

ഇടുക്കി: ഫിഫ ലോകകപ്പിനോടനുബന്ധിച്ച് ഫുട്ബോൾ പ്രേമികൾക്കായി സബ് കളക്ടർ ഓഫീസ് ഇടുക്കി 'ഇടുക്കി ഫിഫ വേൾഡ് കപ്പ് ബുക്ക് ചലഞ്ച് 2026' എന്ന വ്യത്യസ്തമായ സാമൂഹിക സംരംഭം അവതരിപ്പിക്കുന്നു. ഫുട്ബോൾ ആരാധനയെ വായനാ സംസ്കാരവുമായി കൂട്ടിയിണക്കുന്ന ഈ ചലഞ്ചിലൂടെ ജില്ലയിലെ കുട്ടികൾക്ക് പുസ്തകങ്ങൾ സമ്മാനിക്കാനാണ് ലക്ഷ്യമിടുന്നത്.

ഫുട്ബോൾ കേവലം ഒരു കളിയല്ല, മറിച്ച് ലോകമെമ്പാടുമുള്ള ദശലക്ഷക്കണക്കിന് ആളുകളെ ആവേശത്തിലൂടെയും സ്വപ്നങ്ങളിലൂടെയും ഒത്തൊരുമയിലൂടെയും ബന്ധിപ്പിക്കുന്ന വികാരമാണെന്ന സന്ദേശത്തോടെയാണ് പദ്ധതി ആരംഭിച്ചിരിക്കുന്നത്.

പങ്കെടുക്കുന്നവർ തങ്ങൾ പിന്തുണയ്ക്കുന്ന ടീമിന്റെ പേരിൽ പുസ്തകങ്ങൾ സംഭാവന ചെയ്യണം. ഓരോ പുസ്തകത്തോടൊപ്പം സംഭാവന ചെയ്യുന്ന വ്യക്തിയുടെ പേര്, പിന്തുണയ്ക്കുന്ന ടീം, പുസ്തകം ലഭിക്കുന്ന കുട്ടിക്കായി ഒരു ചെറിയ സന്ദേശം എന്നിവയും ഉൾപ്പെടുത്തണം.

ലോകകപ്പ് മത്സരങ്ങൾ അവസാനിക്കുന്ന സമയത്ത് ഏറ്റവും കൂടുതൽ പുസ്തകങ്ങൾ സംഭാവന ചെയ്ത ആരാധകരുള്ള ടീമിനെ 'ഇടുക്കി ഫിഫ വേൾഡ് കപ്പ് ബുക്ക് ചലഞ്ച് 2026' വിജയികളായി പ്രഖ്യാപിക്കും.

ശേഖരിക്കുന്ന പുസ്തകങ്ങൾ ജില്ലയിലെ ചൈൽഡ് കെയർ ഇൻസ്റ്റിറ്റ്യൂഷനുകളിലും കുട്ടികൾക്കായുള്ള മറ്റ് സ്ഥാപനങ്ങളിലും വിതരണം ചെയ്യുമെന്ന് അധികൃതർ അറിയിച്ചു.

"നിങ്ങളുടെ ടീമിനെ പിന്തുണയ്ക്കൂ... ഒരു പുസ്തകം പങ്കുവെക്കൂ... ഒരു കുഞ്ഞിന് പ്രചോദനമാകൂ..." എന്ന സന്ദേശമാണ് സംഘാടകർ മുന്നോട്ടുവയ്ക്കുന്നത്