ഡ്രൈ ഡേ ക്യാമ്പയിൻ: ഇടുക്കിയിൽ സ്കൂൾതല പ്രവർത്തനങ്ങൾക്ക് തുടക്കം

മണിപ്പാറ സെന്റ് മേരീസ് സ്കൂളിൽ നടന്ന ജില്ലാതല ഉദ്ഘാടനം അഡീഷണൽ ജില്ലാ മജിസ്ട്രേറ്റ് മിനി കെ. ജോൺ നിർവഹിച്ചു

ഡ്രൈ ഡേ ക്യാമ്പയിൻ: ഇടുക്കിയിൽ സ്കൂൾതല പ്രവർത്തനങ്ങൾക്ക് തുടക്കം

ഇടുക്കി: കേരള സർക്കാർ ആരോഗ്യ വകുപ്പ് സംസ്ഥാന വ്യാപകമായി നടപ്പിലാക്കുന്ന ഡ്രൈ ഡേ ക്യാമ്പയിന്റെ ഭാഗമായി ഇടുക്കി ജില്ലയിലെ സ്കൂൾതല പ്രവർത്തനങ്ങൾക്ക് തുടക്കമായി. മണിപ്പാറ സെന്റ് മേരീസ് സ്കൂളിൽ നടന്ന ജില്ലാതല ഉദ്ഘാടനം അഡീഷണൽ ജില്ലാ മജിസ്ട്രേറ്റ്  മിനി കെ. ജോൺ നിർവഹിച്ചു.

ജില്ലാ മെഡിക്കൽ ഓഫീസ് (ആരോഗ്യം), ആരോഗ്യ കേരളം ഇടുക്കി, വാഴത്തോപ്പ് കുടുംബാരോഗ്യ കേന്ദ്രം, മണിപ്പാറ സെന്റ് മേരീസ് സ്കൂൾ എന്നിവയുടെ സംയുക്താഭിമുഖ്യത്തിലാണ് പരിപാടി സംഘടിപ്പിച്ചത്. “അറിവാണ് ആരോഗ്യം” എന്ന സന്ദേശം കുട്ടികൾക്ക് നൽകിക്കൊണ്ട് എ.ഡി.എം ഉറവിട നശീകരണ പ്രവർത്തനങ്ങളിൽ കുട്ടികൾക്കൊപ്പം പങ്കെടുത്തു.

വാഴത്തോപ്പ് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്  ആൻസി തോമസ് അധ്യക്ഷത വഹിച്ചു. പകർച്ചവ്യാധി പ്രതിരോധ പ്രവർത്തനങ്ങൾ ശക്തമാക്കാൻ ഓരോ വ്യക്തിയും കുടുംബവും സമൂഹവും ഒറ്റക്കെട്ടായി പ്രവർത്തിക്കണമെന്ന് അവർ പറഞ്ഞു.

ജില്ലാ മെഡിക്കൽ ഓഫീസിലെ ടെക്നിക്കൽ അസിസ്റ്റന്റ് ഷിജു ടി.കെ., ഇടുക്കി മെഡിക്കൽ കോളേജിലെ മൂന്നാം വർഷ എം.ബി.ബി.എസ് വിദ്യാർത്ഥികൾ എന്നിവർ കുട്ടികൾക്ക് ബോധവത്കരണ ക്ലാസുകൾ നടത്തി.

മൂന്ന് ദിവസങ്ങളിലായി നടക്കുന്ന ക്യാമ്പയിനിൽ വെള്ളിയാഴ്ച സ്കൂളുകളിലും, ശനിയാഴ്ച സ്ഥാപനങ്ങളിലും, ഞായറാഴ്ച വീടുകളിലും കൊതുകുകൾ വളരാൻ ഇടയാക്കുന്ന സാഹചര്യങ്ങൾ ഒഴിവാക്കുന്നതിനായി ശുചീകരണ പ്രവർത്തനങ്ങൾ നടത്തും.

പരിപാടിയിൽ സ്കൂൾ മാനേജർ ഫാ. ജെയിംസ് പാലക്കാമറ്റത്തിൽ, ജില്ലാ പ്രോഗ്രാം മാനേജർ ഡോ. സിബി ജോർജ്, വാഴത്തോപ്പ് കുടുംബാരോഗ്യ കേന്ദ്രം മെഡിക്കൽ ഓഫീസർ ഡോ. ആൽബർട്ട് ജെ. തോട്ടുപാട്ട്, ഹെഡ്മാസ്റ്റർ ഷാജി ജോസഫ്, ഡെപ്യൂട്ടി ജില്ലാ എജ്യുക്കേഷൻ ആൻഡ് മീഡിയ ഓഫീസർ ഷൈലാഭായ് വി.ആർ., ഹെൽത്ത് ഇൻസ്പെക്ടർ സിബി തോമസ്, ആരോഗ്യ കേരളം ജൂനിയർ കൺസൾട്ടന്റ് ജിജിൽ മാത്യു തുടങ്ങിയവർ പങ്കെടുത്തു.