തങ്കമണി സെന്റ് തോമസ് സ്കൂളിൽ വിദ്യാരംഗം കലാസാഹിത്യ വേദിക്കും വിവിധ ക്ലബ്ബുകൾക്കും തുടക്കമായി
തങ്കമണി സെന്റ് തോമസ് ഹയർ സെക്കൻഡറി സ്കൂളിലെ വിദ്യാരംഗം കലാസാഹിത്യ വേദിയുടെയും വിവിധ ക്ലബ്ബുകളുടെയും ഉദ്ഘാടനം സാഹിത്യ അക്കാദമി യുവ പുരസ്കാർ ജേതാവ് മോബിൻ മോഹൻ നിർവഹിച്ചു.
സ്കൂൾ മാനേജർ ഫാ. തോമസ് പുത്തൻപുര അധ്യക്ഷത വഹിച്ചു. ഹെഡ്മാസ്റ്റർ മധു കെ. ജയിംസ്, ജോബിൻ കളത്തിക്കാട്ടിൽ, ക്ലബ് കൺവീനർ കെ.ജെ. ജോബിമോൾ എന്നിവർ സംസാരിച്ചു.
വിദ്യാർഥികളിൽ സാഹിത്യാഭിരുചി വളർത്തുന്നതിനായി 20 കുട്ടികളെ തെരഞ്ഞെടുത്ത് ജില്ലയിലെ എഴുത്തുകാരെ പരിചയപ്പെടുത്തുന്ന പുതിയ പദ്ധതിക്കും ചടങ്ങിൽ തുടക്കമായി. എഴുത്തുകാരെക്കുറിച്ചും അവരുടെ പുസ്തകങ്ങളെക്കുറിച്ചും എഴുത്തുകാർ തന്നെ കുട്ടികളുമായി സംവദിക്കുന്ന രീതിയിലാണ് പദ്ധതി ഒരുക്കിയിരിക്കുന്നത്.
പദ്ധതിയുടെ ആദ്യ ഭാഗമായി മോബിൻ മോഹൻ തന്റെ പുസ്തകം വിദ്യാർഥികൾക്ക് പരിചയപ്പെടുത്തി. തുടർന്ന് കുട്ടികളുടെ ചോദ്യങ്ങൾക്ക് അദ്ദേഹം മറുപടി നൽകി. വരും വർഷം മുഴുവൻ വിദ്യാർഥികളെയും ഉൾപ്പെടുത്തി പദ്ധതി വിപുലീകരിക്കാനാണ് ലക്ഷ്യമിടുന്നത്.



