മൂന്നാറിൽ വീണ്ടും അപകടകരമായ സാഹസിക യാത്ര
മൂന്നാർ റോഡിൽ വീണ്ടും വിനോദസഞ്ചാരികളുടെ അപകടകരമായ സാഹസിക യാത്ര.ദേവികുളം റോഡിലെ സിഗ്നൽ പോയിന്റിന് സമീപമാണ് തമിഴ്നാട്ടിൽ നിന്നെത്തിയ വിനോദസഞ്ചാരികൾ ഇന്നോവ കാറിന്റെ ഇരുവശങ്ങളിലെ ജനാലകളിൽ കയറിയിരുന്ന് യാത്ര നടത്തിയത്. ഇന്നലെ വൈകുന്നേരമായിരുന്നു സംഭവം.
തിരക്കേറിയ റോഡിലൂടെ വാഹനം സഞ്ചരിക്കുന്നതിനിടെയായിരുന്നു യുവാക്കളുടെ അപകടകരമായ പ്രകടനം. ചെറിയൊരു അശ്രദ്ധ പോലും വലിയ അപകടത്തിന് കാരണമാകാവുന്ന സാഹചര്യത്തിൽ ഇത്തരം യാത്രകൾ ആശങ്ക ഉയർത്തുകയാണ്.
സംഭവത്തിന്റെ ദൃശ്യങ്ങൾ വഴിയാത്രക്കാരാണ് പകർത്തിയത്. തമിഴ്നാട്, കർണാടക തുടങ്ങിയ സംസ്ഥാനങ്ങളിൽ നിന്നെത്തുന്ന ചില വിനോദസഞ്ചാരികൾ മൂന്നാറിൽ ഇത്തരത്തിലുള്ള നിയമലംഘന യാത്രകൾ നടത്തുന്നത് പതിവാകുകയാണെന്ന് നാട്ടുകാർ പറയുന്നു.
ഇത്തരം അപകടകരമായ പ്രവൃത്തികൾക്കെതിരെ മോട്ടോർ വാഹന വകുപ്പ് ശക്തമായ നടപടി സ്വീകരിച്ചില്ലെങ്കിൽ വലിയ ദുരന്തങ്ങൾക്ക് വഴിവെക്കുമെന്ന് പ്രദേശവാസികൾ മുന്നറിയിപ്പ് നൽകുന്നു.



