പിഎം ശ്രീ പദ്ധതി : വൈക്കത്ത് തുറന്ന സംവാദം സംഘടിപ്പിച്ചു
വൈക്കം: ദേശീയ വിദ്യാഭ്യാസ നയത്തിന്റെ ഭാഗമായി നടപ്പാക്കുന്ന പിഎം ശ്രീ പദ്ധതിയെക്കുറിച്ച് വൈക്കത്ത് തുറന്ന സംവാദം സംഘടിപ്പിച്ചു. എഐഎസ്എഫ്, എഐവൈഎഫ്, യുവകലാസാഹിതി, ഐ.ടി.എ. എന്നീ സംഘടനകൾ സംയുക്തമായാണ് പരിപാടി സംഘടിപ്പിച്ചത്.
വൈക്കം സത്യാഗ്രഹ സ്മാരകത്തിന് മുന്നിലെ നെല്ലിമരച്ചുവട്ടിൽ നടന്ന പരിപാടി മുൻ കൃഷിവകുപ്പ് മന്ത്രിയും ചേർത്തല എം.എൽ.എയുമായ പി. പ്രസാദ് ഉദ്ഘാടനം ചെയ്തു.
പുരാണങ്ങളെയും മിത്തുകളെയും ശാസ്ത്രീയ തത്വങ്ങളായി അവതരിപ്പിക്കുന്ന കേന്ദ്രസർക്കാരിന്റെ സമീപനമാണ് പിഎം ശ്രീ പദ്ധതിയിലൂടെ നടപ്പാക്കാൻ ശ്രമിക്കുന്നതെന്നും, ഇതിലൂടെ നവോത്ഥാന ചരിത്രത്തിന്റെയും മതേതരത്വത്തിന്റെയും മൂല്യങ്ങൾ തകർക്കപ്പെടുകയാണെന്നും പി. പ്രസാദ് അഭിപ്രായപ്പെട്ടു.
ബി. അശോക് മോഡറേറ്ററായ സംവാദത്തിൽ ജോജി കൂട്ടുമ്മേൽ, എസ്.പി. സുമോദ്, മോഹൻ ഡി. ബാബു, ഭാനുമതി വി.എ. എന്നിവർ പങ്കെടുത്തു.




