500 രൂപയുടെ 65 കള്ളനോട്ടുകളുമായി യുവാവ് പിടിയിൽ
കോട്ടയം: 500 രൂപയുടെ 65 കള്ളനോട്ടുകൾ കൈവശം സൂക്ഷിച്ചിരുന്ന യുവാവിനെ കറുകച്ചാൽ പോലീസ് അറസ്റ്റ് ചെയ്തു. കറുകച്ചാൽ മാമ്പതി ഭാഗത്ത് താമസിക്കുന്ന ആനിക്കാട് രണ്ടുപറയിൽ അലക്‌സ് തോമസ് (23) ആണ് പിടിയിലായത്.
കള്ളനോട്ടുകൾ ആരിൽ നിന്നാണ് ലഭിച്ചതെന്ന് പ്രതി പോലീസിനോട് വെളിപ്പെടുത്തിയിട്ടില്ല. കറുകച്ചാൽ പോലീസ് സ്റ്റേഷനിലെ ആറ് കേസുകളിൽ പ്രതിയായ ഇയാൾക്കെതിരെ 2023-ൽ കാപ്പാ നിയമപ്രകാരവും നടപടി സ്വീകരിച്ചിട്ടുണ്ടെന്ന് പോലീസ് അറിയിച്ചു.
എസ്.എച്ച്.ഒ. എസ്. രാജേഷ്, എസ്.ഐ.മാരായ ടി.എസ്. ജയകൃഷ്ണൻ, ബിജു തോമസ്, സി.പി.ഒമാരായ ബ്രിജിത്ത് കൃഷ്ണ, ആന്റണി വിക്ടർ, ജിബിൻ ലോബോ, സ്വരാജ് എന്നിവരുടെ നേതൃത്വത്തിലാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.




