ദേവലോകം അരമന സന്ദർശിച്ച് മുഖ്യമന്ത്രി വി.ഡി. സതീശൻ; ജനക്ഷേമ പ്രവർത്തനങ്ങൾക്ക് പിന്തുണയുമായി ഓർത്തഡോക്സ് സഭ
കോട്ടയം: മുഖ്യമന്ത്രി വി.ഡി. സതീശൻ ഓർത്തഡോക്സ് സഭയുടെ ആസ്ഥാനമായ ദേവലോകം അരമന സന്ദർശിച്ചു. സഭാദ്ധ്യക്ഷൻ പരിശുദ്ധ ബസേലിയോസ് മാർത്തോമ്മാ മാത്യൂസ് തൃതീയൻ കാതോലിക്കാ ബാവയുടെ നേതൃത്വത്തിൽ മുഖ്യമന്ത്രിയെ സ്വീകരിച്ചു.
മുഖ്യമന്ത്രിയായ ശേഷം ആദ്യമായാണ് വി.ഡി. സതീശൻ ദേവലോകം അരമനയിലെത്തുന്നത്. സന്ദർശനത്തിനിടെ മുൻ സഭാദ്ധ്യക്ഷന്മാരുടെ കബറിടങ്ങളിൽ മുഖ്യമന്ത്രി പുഷ്പാർച്ചന നടത്തി. ചാണ്ടി ഉമ്മൻ എം.എൽ.എയും മുഖ്യമന്ത്രിക്കൊപ്പമുണ്ടായിരുന്നു.
സർക്കാരിന്റെ ജനക്ഷേമകരമായ എല്ലാ പ്രവർത്തനങ്ങൾക്കും ഓർത്തഡോക്സ് സഭയുടെ പൂർണ പിന്തുണയുണ്ടാകുമെന്ന് സഭാദ്ധ്യക്ഷൻ അറിയിച്ചു.
കൂടിക്കാഴ്ചയിൽ എപ്പിസ്‌ക്കോപ്പൽ സുന്നഹദോസ് സെക്രട്ടറി ഡോ. യൂഹാനോൻ മാർ ക്രിസോസ്റ്റമോസ്, കോട്ടയം ഭദ്രാസനാധിപൻ ഡോ. യൂഹാനോൻ മാർ ദീയസ്‌കോറോസ്, വൈദിക ട്രസ്റ്റി ഫാ. ഡോ. തോമസ് വർഗീസ് അമയിൽ, അൽമായ ട്രസ്റ്റി റോണി വർഗീസ് എബ്രഹാം, അസോസിയേറ്റ് സെക്രട്ടറി അഡ്വ. ബിജു ഉമ്മൻ, അരമന അസിസ്റ്റന്റ് മാനേജർ ഫാ. ഗീവർഗീസ് ജോൺസൺ എന്നിവർ പങ്കെടുത്തു.




