കട്ടിക്കയം വെള്ളച്ചാട്ടത്തിൽ കുളിക്കാനിറങ്ങിയ യുവാവ് മുങ്ങിമരിച്ചു
മൂന്നിലവ് കട്ടിക്കയം വെള്ളച്ചാട്ടത്തിൽ കുളിക്കാനിറങ്ങിയ യുവാവ് മുങ്ങിമരിച്ചു. ചങ്ങനാശേരി മാമ്മൂട് ആലുംമൂട്ടിൽ ടിറ്റു ജോസഫ് (39) ആണ് മരിച്ചത്.
ചങ്ങനാശേരി സ്വദേശികളായ അഞ്ചംഗ സംഘത്തോടൊപ്പം വിനോദയാത്രയ്ക്കായി എത്തിയ ടിറ്റു വെള്ളച്ചാട്ടത്തിൽ കുളിക്കുന്നതിനിടെ അപകടത്തിൽപ്പെടുകയായിരുന്നു.
വിവരം ലഭിച്ചതിനെ തുടർന്ന് ഈരാറ്റുപേട്ട അഗ്നിരക്ഷാസേനയും ടീം എമർജൻസി സന്നദ്ധ പ്രവർത്തകരും ചേർന്ന് നടത്തിയ തിരച്ചിലിലാണ് മൃതദേഹം കണ്ടെത്തിയത്. തുടർന്ന് മൃതദേഹം പാലാ ജനറൽ ആശുപത്രിയിലേക്ക് മാറ്റി.
കഴിഞ്ഞ ശനിയാഴ്ച തിരുവനന്തപുരം സ്വദേശി അർജുൻ മൂന്നിലവ് കടപുഴയിൽ മുങ്ങിമരിച്ചിരുന്നു. ഇതോടെ ഒരാഴ്ചയ്ക്കിടെ മൂന്നിലവ് മേഖലയിൽ രണ്ടാമത്തെ മുങ്ങിമരണമാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. അധികൃതർ ജലാശയങ്ങളിലും വെള്ളച്ചാട്ട പ്രദേശങ്ങളിലും സന്ദർശകർ അതീവ ജാഗ്രത പാലിക്കണമെന്ന് നിർദേശിച്ചു.




