എച്ച്ഐവി/എയ്ഡ്സ് ബോധവൽക്കരണം: ജില്ലാ തല ക്വിസ് മത്സരം സംഘടിപ്പിച്ചു
ഇടുക്കി: ജില്ലാ മെഡിക്കൽ ഓഫീസ് (ആരോഗ്യം), ആരോഗ്യ കേരളം, ജില്ലാ എയ്ഡ്സ് നിയന്ത്രണ വിഭാഗം എന്നിവയുടെ സംയുക്താഭിമുഖ്യത്തിൽ സ്കൂളുകളിലെ എച്ച്ഐവി/എയ്ഡ്സ് ബോധവൽക്കരണം ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി 8, 9, പ്ലസ് വൺ ക്ലാസുകളിലെ വിദ്യാർഥികൾക്കായി ജില്ലാ തല ക്വിസ് മത്സരം സംഘടിപ്പിച്ചു.
ജില്ലാ മെഡിക്കൽ ഓഫീസ് കോൺഫറൻസ് ഹാളിൽ നടന്ന പരിപാടി ജില്ലാ കലക്ടർ ഡോ. ദിനേശൻ ചെറുവാട്ട് IAS ഉദ്ഘാടനം ചെയ്തു. ജീവിതത്തിന്റെ യഥാർത്ഥ ലക്ഷ്യം സന്തോഷം കണ്ടെത്തുകയാണെന്നും ഓരോ വ്യക്തിയും സ്വന്തം ജീവിതത്തിൽ സന്തോഷം കണ്ടെത്താൻ ശ്രമിക്കണമെന്നും അദ്ദേഹം പറഞ്ഞു. ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. ഐപ് ജോസഫ് അധ്യക്ഷത വഹിച്ചു.
ജില്ലയിലെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള 36 സ്കൂളുകളിൽ നിന്ന് രണ്ട് പേർ വീതം ഉൾപ്പെട്ട 36 ടീമുകൾ മത്സരത്തിൽ പങ്കെടുത്തു.
വിജയികൾ
🥇 ഒന്നാം സ്ഥാനം: റോസ് മരിയ ആന്റണി, ശ്രേയ സെബാസ്റ്റ്യൻ (പ്ലസ് വൺ), സെന്റ് ജെറോം സ്കൂൾ, വെള്ളയാംകുടി.
🥈 രണ്ടാം സ്ഥാനം: അർച്ചന ടി. ബെന്നി, ഹെയ്സൽ സാറ ബിജു (8, 9 ക്ലാസ്), സെന്റ് ജോർജ് ഹയർ സെക്കൻഡറി സ്കൂൾ, വാഴത്തോപ്പ്.
🥉 മൂന്നാം സ്ഥാനം: ടാനിയ നെൽസൺ, ആൻ ട്രീസാ സിബി (പ്ലസ് വൺ), എഫ്.എം.ജി.എച്ച്.എസ്.എസ്, കൊമ്പൻപാറ.
ജില്ലാ പ്രോഗ്രാം മാനേജർ ഡോ. സിബി ജോർജ്, ജില്ലാ എയ്ഡ്സ് കൺട്രോൾ ഓഫീസർ ഡോ. അജീഷ് കൃഷ്ണൻ, എ.ആർ.ടി. മെഡിക്കൽ ഓഫീസർ ഡോ. ഷാമോൻ എന്നിവരുടെ നേതൃത്വത്തിൽ വിജയികൾക്ക് സർട്ടിഫിക്കറ്റുകൾ വിതരണം ചെയ്തു.
ഒന്നാം, രണ്ടാം, മൂന്നാം സ്ഥാനക്കാർക്ക് യഥാക്രമം ₹5,000, ₹4,000, ₹3,000 വീതം ക്യാഷ് പ്രൈസും മെമെന്റോയും സർട്ടിഫിക്കറ്റും ലഭിക്കും. ഒന്നാം സ്ഥാനം നേടിയ ടീമിന് സംസ്ഥാനതല മത്സരത്തിൽ പങ്കെടുക്കാനുള്ള അവസരവും ലഭിക്കും.





