നേര്യമംഗലം-അടിമാലി റോഡില്‍ ചീയപ്പാറയില്‍ മണ്ണിടിച്ചില്‍
സംസ്ഥാനത്ത് ഇടിമിന്നലോടുകൂടിയ ശക്തമായ മഴ തുടരുന്നതിനിടെ നേര്യമംഗലം–അടിമാലി റോഡിൽ മണ്ണിടിച്ചിൽ. ഇന്നലെ ഉച്ചയോടെ ചീയപ്പാറയ്ക്ക് സമീപം റോഡിന്റെ വശത്ത് ഉയരത്തിൽ നിന്ന് മണ്ണും കല്ലും മരങ്ങളും റോഡിലേക്ക് ഇടിഞ്ഞുവീണു. വാഹനങ്ങൾ തലനാരിഴക്കാണ് അപകടത്തിൽ നിന്ന് രക്ഷപ്പെട്ടത്. ഇതോടെ ഇതുവഴിയുള്ള ഗതാഗതം ഏറെനേരം തടസപ്പെട്ടു.
ഫയർഫോഴ്സും പോലീസും നാട്ടുകാരും ചേർന്ന് അവശിഷ്ടങ്ങൾ നീക്കം ചെയ്തതിനെ തുടർന്ന് പിന്നീട് ഗതാഗതം പുനസ്ഥാപിച്ചു.
ഇതിനോടടുത്ത പ്രദേശങ്ങളിൽ മുമ്പും മണ്ണിടിച്ചിൽ ഉണ്ടായിട്ടുള്ളതിനാൽ പ്രദേശത്ത് കൂടുതൽ ജാഗ്രത തുടരുകയാണ്.
മണ്ണിടിച്ചിൽ, ഉരുള്‍പൊട്ടൽ, വെള്ളക്കെട്ട് എന്നിവയ്ക്ക് സാധ്യതയുള്ള മലയോര മേഖലകളിൽ അതീവ ജാഗ്രത പാലിക്കണമെന്ന് അധികൃതർ നിർദേശിച്ചു. സംസ്ഥാനത്ത് ശക്തമായ മഴയും മണിക്കൂറിൽ 40 മുതൽ 50 കിലോമീറ്റർ വരെ വേഗതയിൽ കാറ്റിനും സാധ്യതയുള്ളതിനാൽ ജനങ്ങൾ അനാവശ്യ യാത്രകൾ ഒഴിവാക്കി ജാഗ്രത പാലിക്കണമെന്നും മുന്നറിയിപ്പുണ്ട്.





