മുല്ലപ്പെരിയാർ: കേരളം മൗനം പാലിക്കരുത്, ഇടുക്കി ജനപ്രതിനിധികൾ അടിയന്തരമായി ഇടപെടണം – ഇല നേച്ചർ ഫൗണ്ടേഷൻ

മുല്ലപ്പെരിയാർ: കേരളം മൗനം പാലിക്കരുത്, ഇടുക്കി ജനപ്രതിനിധികൾ അടിയന്തരമായി ഇടപെടണം – ഇല നേച്ചർ ഫൗണ്ടേഷൻ

ഇടുക്കി: തമിഴ്നാട് സർക്കാരിന്റെ 2026–27 ബജറ്റിൽ മുല്ലപ്പെരിയാർ അണക്കെട്ടിന്റെ ജലനിരപ്പ് 152 അടിയായി ഉയർത്തുമെന്ന പ്രഖ്യാപനം വീണ്ടും ആവർത്തിച്ചതോടെ ആശങ്ക ശക്തമാകുകയാണെന്ന് ഇല നേച്ചർ ഫൗണ്ടേഷൻ. കേരളത്തിലെ അഞ്ച് ജില്ലകളിലെ ലക്ഷക്കണക്കിന് ജനങ്ങളുടെ സുരക്ഷയുമായി ബന്ധപ്പെട്ട അതീവ ഗൗരവമുള്ള വിഷയമായിട്ടും, സംസ്ഥാനത്തെ രാഷ്ട്രീയ നേതൃത്വത്തിൽ നിന്നോ സാമൂഹിക സംഘടനകളിൽ നിന്നോ ശക്തമായ പ്രതികരണം ഉയരാത്തത് ആശങ്കാജനകമാണെന്നും സംഘടന അഭിപ്രായപ്പെട്ടു.

130 വർഷത്തിലേറെ പഴക്കമുള്ള മുല്ലപ്പെരിയാർ അണക്കെട്ടിന് പകരം ആധുനിക സാങ്കേതികവിദ്യ ഉപയോഗിച്ച് പുതിയ സുരക്ഷിത അണക്കെട്ട് നിർമിക്കണമെന്ന ആവശ്യമാണ് കേരളം വർഷങ്ങളായി ഉന്നയിച്ചുവരുന്നത്. തമിഴ്നാടിന്റെ ജലാവകാശം സംരക്ഷിക്കപ്പെടണമെന്നും, അതേസമയം കേരളത്തിലെ ജനങ്ങളുടെ ജീവനും സുരക്ഷയും ഒരു സാഹചര്യത്തിലും വിട്ടുവീഴ്ച ചെയ്യാൻ പാടില്ലെന്നും സംഘടന ചൂണ്ടിക്കാട്ടി.

Slide 1
Slide 2
Slide 3
Slide 4

തമിഴ്നാട് വീണ്ടും 152 അടി ലക്ഷ്യം പ്രഖ്യാപിച്ച സാഹചര്യത്തിൽ, ഇടുക്കി ജില്ലയിലെ എം.എൽ.എമാരും എം.പിയും അടിയന്തരമായി വിഷയത്തിൽ ഇടപെടണമെന്ന് ഇല നേച്ചർ ഫൗണ്ടേഷൻ ആവശ്യപ്പെട്ടു. സംസ്ഥാന സർക്കാർ കേന്ദ്രസർക്കാരുമായും തമിഴ്നാട് സർക്കാരുമായും അടിയന്തര ചർച്ചകൾ ആരംഭിച്ച് ജനങ്ങളുടെ ആശങ്കകൾക്ക് പരിഹാരം കാണണമെന്നും സംഘടന ആവശ്യപ്പെട്ടു.

കേരളവും തമിഴ്നാടും പരസ്പര ഏറ്റുമുട്ടലിന് പകരം ശാസ്ത്രീയവും യുക്തിസഹവുമായ ആശയവിനിമയത്തിലൂടെ പ്രശ്നപരിഹാരത്തിന് ശ്രമിക്കണമെന്നും സംഘടന അഭിപ്രായപ്പെട്ടു. ഇതിന്റെ ഭാഗമായി, കേരളത്തിലെ ജനങ്ങളുടെ ആശങ്കകൾ അറിയിച്ചുകൊണ്ട് തമിഴ്നാട് മുഖ്യമന്ത്രിക്ക് ഇ-മെയിൽ അയയ്ക്കാൻ തീരുമാനിച്ചതായും ഭാരവാഹികൾ അറിയിച്ചു.

ജലനിരപ്പ് ഉയർത്തുന്നതിന്റെ പരിസ്ഥിതി പ്രത്യാഘാതങ്ങളും സമഗ്രമായി വിലയിരുത്തണമെന്ന് സംഘടന ആവശ്യപ്പെട്ടു. ഇന്ത്യയിലെ പ്രധാന സംരക്ഷിത വനമേഖലകളിലൊന്നായ പെരിയാർ ടൈഗർ റിസർവിലെ താഴ്ന്ന പ്രദേശങ്ങളും വന്യജീവികളുടെ ആവാസവ്യവസ്ഥയും ജലനിരപ്പ് വർധന ബാധിക്കാനുള്ള സാധ്യത വിദഗ്ധതലത്തിൽ പഠിക്കണമെന്നും അവർ ചൂണ്ടിക്കാട്ടി. ജനസുരക്ഷയും പരിസ്ഥിതി സംരക്ഷണവും ഒരുപോലെ ഉറപ്പാക്കുന്ന തീരുമാനമാണ് സർക്കാർ സ്വീകരിക്കേണ്ടതെന്നും സംഘടന ആവശ്യപ്പെട്ടു.

Slide 1
Slide 2
Slide 3
Slide 4

മുല്ലപ്പെരിയാർ ഒരു രാഷ്ട്രീയ വിഷയമല്ല; ജനസുരക്ഷയുടെയും പരിസ്ഥിതിയുടെയും ഭാവിയുടെയും വിഷയമാണെന്ന് ഇല നേച്ചർ ഫൗണ്ടേഷൻ വ്യക്തമാക്കി. അതിനാൽ കേരളം ഈ വിഷയത്തിൽ വ്യക്തവും ശക്തവുമായ നിലപാട് സ്വീകരിക്കണമെന്നും, ഇടുക്കിയിലെ ജനപ്രതിനിധികൾ സംസ്ഥാനത്തിന്റെ ആശങ്ക കേന്ദ്ര-തമിഴ്നാട് സർക്കാരുകളുടെ ശ്രദ്ധയിൽപ്പെടുത്താൻ അടിയന്തര ഇടപെടൽ നടത്തണമെന്നും സംഘടന ആവശ്യപ്പെട്ടു.

Slide 1
Slide 2
Slide 3
Slide 4