ആറ്റിങ്ങലിൽ സ്കൂൾ ബസ് അപകടത്തിൽപ്പെട്ടു; ഡ്രൈവർ മരിച്ചു, രണ്ട് വിദ്യാർത്ഥികൾക്ക് പരിക്ക്
തിരുവനന്തപുരം ആറ്റിങ്ങലിൽ സ്കൂൾ ബസ് മതിലിൽ ഇടിച്ചുണ്ടായ അപകടത്തിൽ ഡ്രൈവർ മരിച്ചു. ആറ്റിങ്ങൽ മദർ ഇന്ത്യ സ്കൂളിന്റെ ബസാണ് അപകടത്തിൽപ്പെട്ടത്.
ബസ് ഓടിക്കുന്നതിനിടെ ഡ്രൈവർക്ക് ഹൃദയാഘാതമുണ്ടായതിനെ തുടർന്നാണ് അപകടമുണ്ടായതെന്നാണ് പ്രാഥമിക വിവരം. താൽക്കാലിക ബസ് ഡ്രൈവറായ മുരളീധരൻ പിള്ളയാണ് മരിച്ചത്.
അപകടത്തിൽ രണ്ട് വിദ്യാർത്ഥികൾക്ക് പരിക്കേറ്റു. ഇരുവരുടെയും പരിക്ക് ഗുരുതരമല്ലെന്ന് അധികൃതർ അറിയിച്ചു. സംഭവത്തിൽ കൂടുതൽ അന്വേഷണം തുടരുകയാണ്.





