ലബ്ബക്കടയിൽ വ്യാപാരസ്ഥാപനങ്ങൾ പ്രവർത്തിച്ചിരുന്ന കെട്ടിടത്തിന്റെ മേൽക്കൂര തകർന്നു വീണു
ഇടുക്കി: ശക്തമായ മഴയെ തുടർന്ന് കാഞ്ചിയാർ ലബ്ബക്കട ടൗണിൽ വ്യാപാരസ്ഥാപനങ്ങൾ പ്രവർത്തിച്ചിരുന്ന കെട്ടിടത്തിന്റെ മേൽക്കൂര തകർന്നു വീണു. പഞ്ചായത്ത് റോഡിൽ സ്ഥിതി ചെയ്തിരുന്ന കൂട്ടുങ്കൽ ജോർജിന്റെ ഉടമസ്ഥതയിലുള്ള അമ്പതോളം വർഷം പഴക്കമുള്ള ഓടിട്ട കെട്ടിടമാണ് തകർന്നത്.
കെട്ടിടത്തിൽ ബാബു അഞ്ചാനി, അനിൽ ചെമ്പൻപുരിയിടം, ശശിധരൻ എന്നിവരുടെ പലചരക്ക് കടകളും ഒരു മിനി കോഫി ഷോപ്പുമാണ് പ്രവർത്തിച്ചിരുന്നത്. ഇന്നലെ രാവിലെ 10.30ഓടെയായിരുന്നു സംഭവം.
മേൽക്കൂര തകർന്നു വീഴുന്ന ശബ്ദം കേട്ട് കടയിലുണ്ടായിരുന്ന ഉടമകളും മറ്റുള്ളവരും ഉടൻ പുറത്തേക്ക് ഓടിയതിനാൽ വലിയ ദുരന്തം ഒഴിവായി. സംഭവത്തിൽ ആർക്കും പരിക്കേറ്റിട്ടില്ല.
കെട്ടിടത്തിന് മുന്നിൽ പാർക്ക് ചെയ്തിരുന്ന ഒരു കാറിനും കേടുപാടുകൾ സംഭവിച്ചു. കനത്ത മഴയെ തുടർന്ന് വെള്ളം കയറിയതിനാൽ വ്യാപാരസ്ഥാപനങ്ങളിലുണ്ടായിരുന്ന സാധനങ്ങൾക്കും നാശനഷ്ടമുണ്ടായി.
സംഭവശേഷം നാട്ടുകാരുടെയും കടയുടമകളുടെയും നേതൃത്വത്തിൽ കടകളിലുണ്ടായിരുന്ന സാധനങ്ങൾ സുരക്ഷിതമായി മറ്റൊരു സ്ഥലത്തേക്ക് മാറ്റി. ശക്തമായ മഴയുടെ പശ്ചാത്തലത്തിൽ പഴക്കമേറിയ കെട്ടിടങ്ങളുടെ സുരക്ഷ ഉറപ്പാക്കണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു.





