ചക്കകാനം–പൂവേഴ്സ്മൗണ്ട് മേഖലയിലെ കുടിവെള്ള ക്ഷാമം; ശാശ്വത പരിഹാരം ആവശ്യപ്പെട്ട് മന്ത്രിയെ കണ്ട് ഗ്രാമപഞ്ചായത്ത് അംഗം
ഇരട്ടയാർ: ചക്കകാനം, പൂവേഴ്സ്മൗണ്ട് മേഖലകളിലെ രൂക്ഷമായ കുടിവെള്ള ക്ഷാമത്തിന് ശാശ്വത പരിഹാരം കാണണമെന്നാവശ്യപ്പെട്ട് ഇരട്ടയാർ ഗ്രാമപഞ്ചായത്ത് അംഗം കിരൺ ജോർജ് ഉതിരക്കുളം ജലവിഭവ വകുപ്പ് മന്ത്രി അഡ്വ. മോൻസ് ജോസഫിനെ നേരിൽ കണ്ട് നിവേദനം നൽകി.
മഴക്കാലത്തുപോലും പ്രദേശത്തെ നിരവധി കുടുംബങ്ങൾ കുടിവെള്ളത്തിനായി ബുദ്ധിമുട്ടുന്ന സാഹചര്യമാണുള്ളത്. വേനൽക്കാലത്ത് സ്ഥിതി കൂടുതൽ രൂക്ഷമാകുകയും കുടിവെള്ളത്തിനായി ജനങ്ങൾ ദൂരസ്ഥലങ്ങളെ ആശ്രയിക്കേണ്ടിവരികയും ചെയ്യുന്ന അവസ്ഥയാണ് നിലവിലുള്ളതെന്ന് കിരൺ ജോർജ് മന്ത്രിയുടെ ശ്രദ്ധയിൽപ്പെടുത്തി.
പ്രദേശത്തെ കുടിവെള്ള ക്ഷാമത്തിന് അടിയന്തര പരിഹാരം കാണുന്നതിനൊപ്പം ദീർഘകാലാടിസ്ഥാനത്തിൽ പ്രശ്നം പരിഹരിക്കുന്നതിനുള്ള പദ്ധതികൾ നടപ്പാക്കേണ്ടതിന്റെ ആവശ്യകതയും മന്ത്രിയുമായി നടത്തിയ കൂടിക്കാഴ്ചയിൽ ചർച്ച ചെയ്തു. നിലവിലെ ജലസ്രോതസ്സുകളുടെ പരിമിതിയും വേനൽക്കാലത്ത് ജലലഭ്യത കുറയുന്നതും ജനജീവിതത്തെ സാരമായി ബാധിക്കുന്നുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
പ്രശ്നം ഗൗരവമായി പരിഗണിച്ച മന്ത്രി ബന്ധപ്പെട്ട ഉദ്യോഗസ്ഥരുമായി ആവശ്യമായ നടപടികൾ സ്വീകരിച്ച് അടിയന്തര ഇടപെടൽ നടത്തുമെന്ന് ഉറപ്പുനൽകി.ചക്കകാനം, പൂവേഴ്സ്മൗണ്ട് മേഖലകളിലെ കുടിവെള്ള പ്രശ്നത്തിന് ശാശ്വത പരിഹാരം ഉണ്ടാകുമെന്ന പ്രതീക്ഷയിലാണ് പ്രദേശവാസികൾ.





