നത്തുകല്ല് കൈരളി പബ്ലിക് ലൈബ്രറി പൊതുയോഗം നടന്നു
നത്തുകല്ല്: കൈരളി പബ്ലിക് ലൈബ്രറിയുടെ പൊതുയോഗവും ഓണാഘോഷ കമ്മിറ്റി തെരഞ്ഞെടുപ്പും നടന്നു. ലൈബ്രറിയുടെ പ്രവർത്തനങ്ങൾ കൂടുതൽ സജീവമാക്കുന്നതിനും ഭാവി പരിപാടികൾ ആസൂത്രണം ചെയ്യുന്നതിനുമുള്ള വിവിധ നിർദേശങ്ങൾ യോഗം ചർച്ച ചെയ്തു.
കാലങ്ങളായി പ്രവർത്തനരഹിതമായി കിടക്കുന്ന ആർട്സ് ആൻഡ് സ്പോർട്സ് ക്ലബുകൾ ഉടൻ പുനരാരംഭിക്കുന്നതിനും ലൈബ്രറി കെട്ടിടത്തിന്റെ നവീകരണത്തിനും ആവശ്യമായ നടപടികൾ ആരംഭിക്കണമെന്ന് പൊതുയോഗം വിലയിരുത്തി. ലൈബ്രറിയുടെ പ്രവർത്തനങ്ങൾ വിപുലീകരിച്ച് കൂടുതൽ ജനപങ്കാളിത്തം ഉറപ്പാക്കുന്നതിനുള്ള പദ്ധതികളും യോഗത്തിൽ ചർച്ച ചെയ്തു.
ലൈബ്രറി പ്രസിഡന്റ് ടോമി ആനിക്കാമുണ്ടയിൽ അധ്യക്ഷത വഹിച്ചു. കട്ടപ്പന നഗരസഭ ഏഴാം വാർഡ് കൗൺസിലർ ലിസി തോമസ് മുഖ്യപ്രഭാഷണം നടത്തി. ഇരട്ടയാർ ഗ്രാമപഞ്ചായത്ത് അംഗങ്ങളായ കിരൺ ജോർജ് ഉതിരക്കുളം, ജിഷ ഷാജി എന്നിവർ ആശംസകൾ നേർന്നു.
കഴിഞ്ഞ കാലയളവിലെ പ്രവർത്തനങ്ങളുടെ കണക്കുകൾ പൊതുയോഗത്തിൽ അവതരിപ്പിക്കുകയും അംഗീകരിക്കുകയും ചെയ്തു. തുടർന്ന് ഓണാഘോഷ കമ്മിറ്റി തെരഞ്ഞെടുപ്പും നടന്നു.
പൊതുയോഗത്തിന് മുന്നോടിയായി രാവിലെ ലൈബ്രറി അംഗങ്ങളുടെ നേതൃത്വത്തിൽ പൊതുപണിയും നടത്തി.
ഭൂരിഭാഗം അംഗങ്ങളും പൊതുപണിയിലും പൊതുയോഗത്തിലും പങ്കെടുത്തു.ലൈബ്രറി സെക്രട്ടറി ജോണി ഇല്ലിമൂട്ടിൽ സ്വാഗതവും വൈസ് പ്രസിഡന്റ് ബിനോയ് പുറംചിറയിൽ നന്ദിയും പറഞ്ഞു.





