പ്രളയബാധിത മേഖലയിൽ ശുചീകരണവുമായി കെ.ജി. കോളജ് വിദ്യാർഥികൾ
പാമ്പാടി: പ്രളയക്കെടുതി നേരിട്ട തിരുവഞ്ചൂർ നീലണ്ടപടി അങ്കണവാടിയിലും സമീപ പ്രദേശങ്ങളിലും പുനരധിവാസ ശുചീകരണ പ്രവർത്തനങ്ങളുമായി പാമ്പാടി കെ.ജി. കോളജിലെ എൻ.സി.സി. കേഡറ്റുകളും എൻ.എസ്.എസ്. വളണ്ടിയർമാരും. മണർകാട് പഞ്ചായത്തിന്റെ പരിധിയിലെ പ്രളയബാധിത മേഖലകളിലാണ് വിദ്യാർഥികൾ സന്നദ്ധസേവനവുമായി രംഗത്തിറങ്ങിയത്.
പ്രളയജലം കയറി ചെളിയും മാലിന്യങ്ങളും അടിഞ്ഞുകൂടിയ അങ്കണവാടിയുടെ ഉൾവശവും പരിസരവും വിദ്യാർഥികൾ കഴുകി വൃത്തിയാക്കി. കുരുന്നുകൾക്ക് സുരക്ഷിതമായി വീണ്ടും അങ്കണവാടിയിലെത്താൻ കഴിയുന്ന വിധത്തിലാണ് ശുചീകരണ പ്രവർത്തനങ്ങൾ പൂർത്തിയാക്കിയത്.
വെള്ളപ്പൊക്കത്തെ തുടർന്ന് സുരക്ഷിത സ്ഥലങ്ങളിലേക്ക് മാറ്റിപ്പാർപ്പിച്ച സമീപവാസികളുടെ വീട്ടുപകരണങ്ങളും മറ്റ് സാമഗ്രികളും വീടുകളിലേക്ക് തിരികെ എത്തിക്കുന്നതിനും ഇറക്കിവയ്ക്കുന്നതിനും വിദ്യാർഥികൾ പൂർണ പിന്തുണ നൽകി.
കെ.ജി. കോളജ് പ്രിൻസിപ്പൽ പ്രഫ. അബു ജോസഫ് സി., എൻ.സി.സി. ഓഫീസർ ലഫ്. റെനിഷ് ജോസഫ്, എൻ.എസ്.എസ്. പ്രോഗ്രാം ഓഫീസർമാരായ നമിത ജോർജ്, ആൻ നൈസി ജേക്കബ് എന്നിവരുടെ നേതൃത്വത്തിലാണ് വിദ്യാർഥികൾ ശുചീകരണ പ്രവർത്തനങ്ങളിൽ പങ്കാളികളായത്.





