ഇടുക്കിയിൽ ഓണാഘോഷത്തിന് ഓഗസ്റ്റ് 21ന് തുടക്കം; ജില്ലാതല സമാപനം സെപ്റ്റംബർ 5ന്
ഇടുക്കി: ജില്ലാ ഭരണകൂടത്തിന്റെയും ജില്ലാ ടൂറിസം പ്രമോഷൻ കൗൺസിലിന്റെയും ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന ഈ വർഷത്തെ ജില്ലാതല ഓണാഘോഷ പരിപാടികൾക്ക് ഓഗസ്റ്റ് 21ന് ചെറുതോണിയിൽ തുടക്കമാകും. സെപ്റ്റംബർ 5ന് തൊടുപുഴയിലാണ് ജില്ലാതല സമാപനം.
ഓഗസ്റ്റ് 21ന് ഉച്ചയ്ക്ക് രണ്ടിന് വിവിധ കലാരൂപങ്ങളും ബാൻഡ് സംഘങ്ങളും അണിനിരക്കുന്ന ഓണം ഘോഷയാത്രയോടെയാണ് ആഘോഷങ്ങൾക്ക് തുടക്കമാകുക. പ്രാദേശിക കലാരൂപങ്ങൾക്ക് പ്രാധാന്യം നൽകിയാണ് പരിപാടികൾ സംഘടിപ്പിക്കുന്നത്. ഓരോ നിയോജക മണ്ഡലങ്ങളിലും ഓണാഘോഷ പരിപാടികൾ നടക്കും. മൂന്നാർ, ചെറുതോണി, കുമളി, രാജാക്കാട്, തൊടുപുഴ എന്നിവിടങ്ങളിലായാണ് പ്രധാന പരിപാടികൾ.
ഓണാഘോഷത്തിന്റെ ഭാഗമായി ഓഗസ്റ്റ് 21 മുതൽ 31 വരെ ഇടുക്കി ഡാം സന്ദർശിക്കാൻ പൊതുജനങ്ങൾക്ക് അവസരമൊരുക്കും. ഡാമിൽ പ്രത്യേക പ്രകാശ അലങ്കാരവും ഒരുക്കും. കുടുംബശ്രീയുടെ നേതൃത്വത്തിൽ ഭക്ഷ്യമേളയും സംഘടിപ്പിക്കും. ആഘോഷ പരിപാടികൾ പൂർണമായും ഹരിത പ്രോട്ടോക്കോൾ പാലിച്ചായിരിക്കും.
ഓണാഘോഷ പരിപാടികളുടെ സംഘാടനത്തിനായി സർക്കാർ 15.50 ലക്ഷം രൂപ അനുവദിച്ചിട്ടുണ്ട്.
റോയി കെ. പൗലോസ് എംഎൽഎയുടെ നേതൃത്വത്തിൽ ജില്ലാ കളക്ടർ ഡോ. ദിനേശൻ ചെറുവാട്ടിന്റെ അധ്യക്ഷതയിൽ ചേർന്ന ആലോചനാ യോഗത്തിലാണ് പരിപാടികളുടെ സംഘാടനവുമായി ബന്ധപ്പെട്ട തീരുമാനങ്ങൾ കൈക്കൊണ്ടത്. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പ്രൊഫ. ഷീല സ്റ്റീഫൻ, വാഴത്തോപ്പ് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ആൻസി തോമസ്, ഇടുക്കി ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് എ.പി. ഉസ്മാൻ, അഡീഷണൽ ജില്ലാ മജിസ്ട്രേറ്റ് മിനി കെ. ജോൺ, ഡിടിപിസി സെക്രട്ടറി ജിതേഷ് ജോസ്, ജനപ്രതിനിധികൾ, വിവിധ രാഷ്ട്രീയകക്ഷി പ്രതിനിധികൾ, വ്യാപാരി-വ്യവസായി സംഘടനാ പ്രതിനിധികൾ, ഉദ്യോഗസ്ഥർ തുടങ്ങിയവർ യോഗത്തിൽ പങ്കെടുത്തു.





