വിദ്യാർത്ഥികളുടെ കരിയർ സ്വപ്നങ്ങൾക്ക് ദൃശ്യരൂപം നൽകി എസ്.ജെ.എച്ച്.എസ്.എസ്. വെള്ളയാംകുടി

വിദ്യാർത്ഥികളുടെ കരിയർ സ്വപ്നങ്ങൾക്ക് ദൃശ്യരൂപം നൽകി എസ്.ജെ.എച്ച്.എസ്.എസ്. വെള്ളയാംകുടി

വെള്ളയാംകുടി: വിദ്യാർത്ഥികളുടെ കരിയർ സ്വപ്നങ്ങൾക്ക് ദൃശ്യരൂപം നൽകുകയും അവയെ വ്യക്തമായ ലക്ഷ്യങ്ങളാക്കി മാറ്റുകയും ചെയ്യുന്ന നൂതന പദ്ധതികൾക്ക് എസ്.ജെ.എച്ച്.എസ്.എസ്. വെള്ളയാംകുടിയിൽ തുടക്കമായി. സ്കൂളിലെ കരിയർ ഗൈഡൻസ് സെല്ലിന്റെ നേതൃത്വത്തിൽ കരിയർ സെൽഫി, കരിയർ വിഷ്വലൈസേഷൻ കാർഡ്, ‘ഐ ലൈവ്’, ഡിജിറ്റൽ ചലഞ്ച് എന്നീ പദ്ധതികളാണ് നടപ്പാക്കുന്നത്.

വിദ്യാർത്ഥികൾ ആഗ്രഹിക്കുന്ന തൊഴിൽമേഖലയിലെ ഭാവി വ്യക്തിത്വത്തെ ദൃശ്യവൽക്കരിച്ച് അതിനായി വ്യക്തമായ പ്രവർത്തനപദ്ധതി തയ്യാറാക്കുകയാണ് കരിയർ സെൽഫിയുടെയും വിഷ്വലൈസേഷൻ കാർഡിന്റെയും ലക്ഷ്യം. ഇതിനായി ഒരുക്കിയ കരിയർ സെൽഫി പോയിന്റിൽ വിദ്യാർത്ഥികൾ തങ്ങൾ ലക്ഷ്യമിടുന്ന തൊഴിൽമേഖലയുമായി ബന്ധപ്പെട്ട വേഷവിധാനങ്ങളും ഉപകരണങ്ങളും ഉപയോഗിച്ച് ചിത്രങ്ങൾ പകർത്തുന്നു. ‘ഫ്യൂച്ചർ ലോയർ’, ‘ഫ്യൂച്ചർ ഡോക്ടർ’, ‘ഫ്യൂച്ചർ ഓട്ടോമൊബൈൽ മെക്കാനിക്ക്’, ‘ഫ്യൂച്ചർ പോസ്റ്റ് ഗ്രാജുവേറ്റ്’ തുടങ്ങിയ ആശയങ്ങളിലൂടെയാണ് വിദ്യാർത്ഥികൾ തങ്ങളുടെ കരിയർ ലക്ഷ്യങ്ങൾ ദൃശ്യവൽക്കരിക്കുന്നത്.

Slide 1
Slide 2
Slide 3
Slide 4

ഓരോ വിദ്യാർത്ഥിക്കും നൽകുന്ന കരിയർ വിഷ്വലൈസേഷൻ കാർഡ് വ്യക്തിഗത കരിയർ മാർഗരേഖയായാണ് തയ്യാറാക്കിയിരിക്കുന്നത്. ഭാവി കരിയർ ലക്ഷ്യം, ലക്ഷ്യം കൈവരിക്കേണ്ട പ്രായം, ആറുഘട്ട കരിയർപാത, പഠനമികവ്, മത്സരപരീക്ഷകൾ, ഉന്നതപഠന സാധ്യതകൾ, നൈപുണ്യ വികസനം, ആവശ്യമായ യോഗ്യതകൾ, വ്യക്തിഗത പ്രവർത്തനപദ്ധതി, പഠനശീലങ്ങൾ, ആത്മപ്രതിജ്ഞ, സ്വയംവിലയിരുത്തൽ തുടങ്ങിയവ കാർഡിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. സെൽഫിയും വിഷ്വലൈസേഷൻ കാർഡും പഠനമുറിയിലോ വ്യക്തിഗത ഡയറിയിലോ സൂക്ഷിച്ച് നിരന്തരം കാണുന്നതിലൂടെ കരിയർ സ്വപ്നങ്ങളെ പ്രവർത്തനാധിഷ്ഠിത ലക്ഷ്യങ്ങളാക്കി മാറ്റുകയാണ് പദ്ധതിയുടെ ഉദ്ദേശ്യം.

വിദ്യാർത്ഥികളുടെ വ്യക്തിത്വ വികസനം ലക്ഷ്യമിട്ട് ‘ഐ ലൈവ്’ എന്ന പേരിൽ ലൈഫ് സ്കിൽ വികസന പരിപാടിയും നടപ്പാക്കുന്നു. ആശയവിനിമയശേഷി, ആത്മവിശ്വാസം, തീരുമാനമെടുക്കാനുള്ള കഴിവ്, പ്രശ്നപരിഹാരശേഷി, നേതൃത്വപാടവം, സമയനിയന്ത്രണം തുടങ്ങിയ ജീവിതനൈപുണ്യങ്ങൾ വികസിപ്പിക്കുന്നതിനാണ് പദ്ധതിയിൽ പ്രാധാന്യം നൽകുന്നത്.

ഡിജിറ്റൽ ഉപകരണങ്ങളുടെ ഉപയോഗം ക്രിയാത്മകമാക്കുന്നതിനായി ‘ഡിജിറ്റൽ ചലഞ്ച്’ പദ്ധതിക്കും തുടക്കമായി. മൊബൈൽ ഫോണിലും മറ്റ് ഡിജിറ്റൽ ഉപകരണങ്ങളിലും ചെലവഴിക്കുന്ന സമയം നിയന്ത്രിച്ച് പഠനം, വായന, നൈപുണ്യ വികസനം, സ്വയംവികസന പ്രവർത്തനങ്ങൾ എന്നിവയ്ക്കായി സമയം വിനിയോഗിക്കാൻ വിദ്യാർത്ഥികളെ പ്രോത്സാഹിപ്പിക്കുന്നതാണ് പദ്ധതി.

Slide 1
Slide 2
Slide 3
Slide 4

Slide 1
Slide 2
Slide 3
Slide 4

കരിയർ ഗൈഡൻസ് ക്ലബ്ബിന്റെ നേതൃത്വത്തിൽ വിദ്യാർത്ഥികളുടെ അഭിരുചിയും കഴിവും തിരിച്ചറിയുന്നതിനായി ആപ്റ്റിറ്റ്യൂഡ് ടെസ്റ്റുകളും കരിയർ കൗൺസലിംഗും സംഘടിപ്പിക്കുന്നുണ്ട്. വ്യക്തിഗത താൽപര്യങ്ങൾക്കും കഴിവുകൾക്കും അനുയോജ്യമായ പഠന-തൊഴിൽ മേഖല തിരഞ്ഞെടുക്കുന്നതിനും കരിയർ ലക്ഷ്യങ്ങൾ രൂപപ്പെടുത്തുന്നതിനും ഇതിലൂടെ മാർഗനിർദേശം നൽകും.

പദ്ധതികളുടെ ഉദ്ഘാടനം സംഘടിപ്പിച്ച ചടങ്ങിൽ സ്കൂൾ മാനേജർ മോൺസിഞ്ഞോർ അബ്രഹാം പുറയാറ്റ് അധ്യക്ഷത വഹിച്ചു. ഇടുക്കി രൂപത കോർപ്പറേറ്റ് എജ്യുക്കേഷൻ ഏജൻസി സെക്രട്ടറി റവ. ഡോ. ജോർജ് തകടിയേൽ ഉദ്ഘാടനം നിർവഹിച്ചു. സ്കൂൾ പ്രിൻസിപ്പൽ ജിജി ജോർജ്, ജില്ലാ എംപ്ലോയ്മെന്റ് ഓഫീസർ റെക്സ് തോമസ് ഇ., ഹെഡ്മിസ്ട്രസ് വിൻസി സെബാസ്റ്റ്യൻ, പി.ടി.എ. പ്രസിഡന്റ് ബെന്നി ജോസഫ്, എം.പി.ടി.എ. പ്രസിഡന്റ് വിജിത ലിജോ എന്നിവർ സംസാരിച്ചു.

കരിയർ ഗൈഡ് ദീപക് ജോസഫ്, ബോട്ടണി അധ്യാപകൻ ജോയൽ ജോസ്, സ്റ്റാഫ് സെക്രട്ടറി ജോബി മാത്യു എന്നിവർ പദ്ധതികൾക്ക് നേതൃത്വം നൽകി.