കർഷകരെയും ജനപ്രതിനിധികളെയും വിദ്യാർത്ഥികളെയും ആദരിച്ച് എഴുകുംവയൽ റൂറൽ ലൈബ്രറി
റൂറൽ ലൈബ്രറി എഴുകുംവയലിന്റെ നേതൃത്വത്തിൽ ചിങ്ങം ഒന്ന് കർഷകദിനാചരണത്തിന്റെ ഭാഗമായി മികച്ച കർഷകരെയും പ്രദേശത്തെ ജനപ്രതിനിധികളെയും എസ്.എസ്.എൽ.സി, പ്ലസ് ടു പരീക്ഷകളിൽ ഉന്നത വിജയം നേടിയ വിദ്യാർഥികളെയും ആദരിച്ചു.
ലൈബ്രറി പ്രസിഡന്റ് ഷെബിൻ തേനംമാക്കലിന്റെ അധ്യക്ഷതയിൽ നടന്ന ചടങ്ങിൽ നെടുങ്കണ്ടം ഗ്രാമപഞ്ചായത്ത് അംഗവും ലൈബ്രറി മാനേജിങ് കമ്മിറ്റി അംഗവുമായ ജോണി പുതിയപറമ്പിൽ സ്വാഗതം ആശംസിച്ചു.
ലൈബ്രറിയുടെ ആദരം ഏറ്റുവാങ്ങിയ ഉടുമ്പൻചോല എം.എൽ.എ അഡ്വ. സേനാപതി വേണു ചടങ്ങിൽ മുഖ്യപ്രഭാഷണം നടത്തി. മികച്ച കർഷക ദമ്പതികളായി തെരഞ്ഞെടുക്കപ്പെട്ട ജോസ് പുല്ലംകുന്നേലിനെയും ഭാര്യയെയും എം.എൽ.എ ആദരിച്ചു.
കർഷകർ നാടിന്റെ നട്ടെല്ലാണ്. അവരെ ആദരിക്കുകയല്ല, പൂജിക്കുകയാണ് വേണ്ടത് എന്ന് അഡ്വ. സേനാപതി വേണു പറഞ്ഞു.
നെടുങ്കണ്ടം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഷിഹാബ് ഇട്ടിക്കൽ, ഇടുക്കി ജില്ലാ പഞ്ചായത്ത് അംഗം തിലോത്തമ സോമൻ, ബ്ലോക്ക് പഞ്ചായത്ത് അംഗം മുകേഷ് മോഹനൻ, ഗ്രാമപഞ്ചായത്ത് അംഗം ജിജോ മരങ്ങാട്ട് എന്നിവർക്ക് ചടങ്ങിൽ സ്വീകരണം നൽകി.
മികച്ച കർഷകനായി റോയ് കൈപ്പൻപ്ലാക്കൽ, ക്ഷീരകർഷകയായി ഷിനി ബിജു ഇരുമ്പുകുത്തിയിൽ, ക്ഷീരകർഷകനായി ഷിൻസ് അരിമണ്ണിൽ എന്നിവരെയും ലൈബ്രറി ആദരിച്ചു.
റൂറൽ ലൈബ്രറി മാനേജിങ് കമ്മിറ്റി അംഗങ്ങളായ ബിന്ദു പെരുമനങ്ങാട്ട്, സോണിയ കാരുകുന്നേൽ, സാബു മാലിയിൽ, ടോമി നെടുംപതാലിൽ, കെ.പി. രാജൻ കുന്നേൽ, റെജി തെള്ളിയിൽ, ജിനു പുളിക്കൽ, ടോംസ് പഴനിലം എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി.
എഴുകുംവയൽ നിത്യസഹായ മാതാ പള്ളി വികാരി ഫാ. ജോസഫ് ചുനയൻമാക്കൽ, ഷാജി തോട്ടുമാക്കൽ, സാബു മണിമലകുന്നേൽ, കുഞ്ഞമ്മച്ചൻ പാറത്തറ എന്നിവർ ആശംസകൾ നേർന്ന് സംസാരിച്ചു. നൂറുകണക്കിന് കർഷകർ പരിപാടിയിൽ പങ്കെടുത്തു.





