ഹരിത ഓണം: ജില്ലാതല ലോഗോ പ്രകാശനം ചെയ്തു

ഹരിത ഓണം: ജില്ലാതല ലോഗോ പ്രകാശനം ചെയ്തു

ഇടുക്കി: ഓണം മാലിന്യമുക്തമായും പ്രകൃതിക്ക് ദോഷം വരുത്താതെയും ആഘോഷിക്കാൻ ആഹ്വാനം ചെയ്ത് ജില്ലാ ശുചിത്വമിഷൻ ‘ഹരിത ഓണം’ ക്യാമ്പയിന് തുടക്കമിട്ടു. ക്യാമ്പയിന്റെ ജില്ലാതല ലോഗോ പ്രകാശനം റോയ് കെ. പൗലോസ് എം.എൽ.എയും ജില്ലാ കളക്ടർ ഡോ. ദിനേശൻ ചെറുവാട്ടും ചേർന്ന് നിർവഹിച്ചു.

ജില്ലാ കളക്ടറുടെ ചേംബറിൽ നടന്ന ചടങ്ങിൽ ജില്ലാ ശുചിത്വമിഷൻ കോ-ഓർഡിനേറ്റർ ഭാഗ്യരാജ് കെ.ആർ., ഡി.ടി.പി.സി. സെക്രട്ടറി ജിതീഷ് ജോസ് എന്നിവർ പങ്കെടുത്തു.

Slide 1
Slide 2
Slide 3
Slide 4

സമൃദ്ധിയുടെയും സ്നേഹത്തിന്റെയും ഒത്തൊരുമയുടെയും സന്ദേശവുമായി എത്തുന്ന ഓണക്കാലത്തെ പരിസ്ഥിതി സൗഹൃദമായി വരവേൽക്കണമെന്ന് അധികൃതർ അഭ്യർഥിച്ചു. വീടുകളും പരിസരങ്ങളും മാത്രമല്ല, നാടും നഗരവും തെരുവുകളും പൊതുസ്ഥലങ്ങളും ജലാശയങ്ങളും വൃത്തിയായി സൂക്ഷിച്ച് ഈ ഓണം ‘ഹരിത ഓണം’ ആക്കുകയാണ് ലക്ഷ്യം.

ആഘോഷങ്ങളിലും അലങ്കാരങ്ങളിലും പരിസ്ഥിതി സൗഹൃദ വസ്തുക്കൾ ഉപയോഗിക്കണം. നിരോധിത പ്ലാസ്റ്റിക്, ഡിസ്പോസിബിൾ ഗ്ലാസ്, പ്ലാസ്റ്റിക് പാത്രങ്ങൾ, പ്ലാസ്റ്റിക് കവറുകൾ, പ്ലാസ്റ്റിക് കൊടി-തോരണങ്ങൾ, ഒറ്റത്തവണ ഉപയോഗിക്കുന്ന പേപ്പർ പ്ലേറ്റുകൾ, പേപ്പർ വാഴയില തുടങ്ങിയവ ഒഴിവാക്കണം.

പകരം വാഴയില, സ്റ്റീൽ പാത്രങ്ങൾ, തുണിസഞ്ചികൾ, പൂക്കൾ, കുരുത്തോല തുടങ്ങിയ പരിസ്ഥിതി സൗഹൃദ വസ്തുക്കളുടെ ഉപയോഗം പ്രോത്സാഹിപ്പിക്കണം. സദ്യ, ഓണക്കളികൾ, മത്സരങ്ങൾ തുടങ്ങിയ പരിപാടികൾ മാലിന്യമുക്തമായി സംഘടിപ്പിക്കണമെന്നും നിർദേശമുണ്ട്.

Slide 1
Slide 2
Slide 3
Slide 4

മാലിന്യങ്ങൾ ഉറവിടത്തിൽ തന്നെ തരംതിരിക്കുകയും ഭക്ഷണാവശിഷ്ടങ്ങൾ കമ്പോസ്റ്റാക്കുകയും അജൈവ മാലിന്യങ്ങൾ ശാസ്ത്രീയ സംസ്കരണത്തിനായി കൈമാറുകയും വേണം. ശുചിത്വ മിഷന്റെ മാർഗനിർദേശങ്ങൾ പാലിക്കണമെന്നും അധികൃതർ നിർദേശിച്ചു.

Slide 1
Slide 2
Slide 3
Slide 4

പൊതുജനങ്ങൾ, സന്നദ്ധ സംഘടനകൾ, ക്ലബുകൾ, സാംസ്കാരിക-സാമുദായിക സംഘടനകൾ, വിവിധ സ്ഥാപനങ്ങൾ എന്നിവർ ഓണാഘോഷങ്ങളിൽ ഹരിതചട്ടം കർശനമായി പാലിച്ച് ‘ഹരിത ഓണം’ ക്യാമ്പയിന്റെ ഭാഗമാകണമെന്ന് എം.എൽ.എയും ജില്ലാ കളക്ടറും അഭ്യർഥിച്ചു.