അധ്യാപകരും വിദ്യാർത്ഥികളും തമ്മിലുള്ള ബന്ധം ശക്തിപ്പെടുത്തണം – ബാലാവകാശ കമ്മിഷൻ
ഇടുക്കി: വിദ്യാർത്ഥികളുടെയും അധ്യാപകരുടെയും ബന്ധം കൂടുതൽ മെച്ചപ്പെടുത്തേണ്ടത് അത്യാവശ്യമാണെന്ന് സംസ്ഥാന ബാലാവകാശ സംരക്ഷണ കമ്മിഷൻ അംഗം ബി. മോഹൻ കുമാർ അഭിപ്രായപ്പെട്ടു.
സംസ്ഥാന ബാലാവകാശ സംരക്ഷണ കമ്മിഷന്റെ ആഭിമുഖ്യത്തിൽ കളക്ടറേറ്റിൽ സംഘടിപ്പിച്ച ജില്ലാതല അധ്യാപക പരിശീലന പരിപാടിയുടെ രണ്ടാം ഘട്ടം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കമ്മിഷൻ അധ്യാപകർക്ക് എതിരല്ല, അവരോടൊപ്പം തന്നെയാണ് പ്രവർത്തിക്കുന്നതെന്നും കുട്ടികളെ വീടുകളിലും സ്കൂളുകളിലും എല്ലാ പ്രധാന കാര്യങ്ങളിലും പങ്കാളികളാക്കണമെന്നും അദ്ദേഹം പറഞ്ഞു. അധ്യാപകർ കുട്ടികളെ പേരെടുത്ത് വിളിക്കുന്ന തരത്തിലുള്ള സൗഹൃദബന്ധം വളർത്തുമ്പോഴാണ് അവരുടെ സമഗ്രവികസനം സാധ്യമാകുകയെന്നും മോഹൻ കുമാർ കൂട്ടിച്ചേർത്തു.
യോഗത്തിൽ വിദ്യാഭ്യാസ ഉപ ഡയറക്ടർ ഗീത പി.സി അധ്യക്ഷത വഹിച്ചു.ബാലാവകാശങ്ങൾ – കമ്മിഷൻ അംഗം ഷാജു കെ,സൈബർ സുരക്ഷ – പൊലീസ് സൈബർ വിംഗ് അസിസ്റ്റന്റ് സബ് ഇൻസ്പെക്ടർ രാജൻ ,കുട്ടികളുടെ മാനസികാരോഗ്യം – ഡി.എം.പി.എച്ച്. ക്ലിനിക്കൽ സൈക്കോളജിസ്റ്റ് ഡോ. ബബിൻ എന്നിവർ വിഷയാവതരണം നടത്തി.
കമ്മിഷൻ അംഗങ്ങളായ ഡോ. എഫ്. വിൽസൺ, ഷാജു കെ., ജില്ലാ ശിശു സംരക്ഷണ ഓഫീസർ നിഷ വി.ഐ, വിവിധ സ്കൂളുകളിൽ നിന്നും തിരഞ്ഞെടുത്ത അധ്യാപകർ തുടങ്ങിയവർ പരിപാടിയിൽ പങ്കെടുത്തു.





