ആൽപ്പാറ ലിഫ്റ്റ് ഇറിഗേഷൻ പദ്ധതിയുടെ നിർമ്മാണോദ്ഘാടനം നടന്നു
മണക്കാട് ഗ്രാമപഞ്ചായത്തിലെ ആൽപ്പാറ ലിഫ്റ്റ് ഇറിഗേഷൻ പദ്ധതിയുടെ നിർമ്മാണോദ്ഘാടനം കേരള ജലവിഭവ വകുപ്പ് മന്ത്രി ശ്രീ റോഷി അഗസ്റ്റിൻ നിർവഹിച്ചു. പിജെ ജോസഫ് എംഎൽഎ അധ്യക്ഷനായിരുന്നു.
കുടിവെള്ള പദ്ധതികൾക്കായി ഇടുക്കി ജില്ലയിൽ 2220 കോടിയുടെ പ്രവൃത്തികൾക്കാണ് ഇതുവരെ അനുമതി ലഭിച്ചത്.തൊടുപുഴ നിയോജക മണ്ഡലത്തിൽ മാത്രം 247 കോടി 67 ലക്ഷം രൂപയുടെ വിവിധ പദ്ധതികൾക്ക് ഭരണാനുമതി നൽകിയിട്ടുണ്ട്.
കൂടാതെ, കേന്ദ്രാവിഷ്കൃത പദ്ധതിയായ അമൃത് പദ്ധതിയിൽ തൊടുപുഴ നഗരസഭയും ഉൾപ്പെടുത്തിയിട്ടുണ്ട്. ഇതിന്റെ ഭാഗമായി 9 കോടി 60 ലക്ഷം രൂപ അനുവദിച്ചു.
കാർഷിക മേഖലയ്ക്ക് പുതുജീവൻ നൽകുന്ന പദ്ധതിയാണ് ആൽപ്പാറ ലിഫ്റ്റ് ഇറിഗേഷൻ പ്രോജക്ട്. തുടക്കത്തിൽ നിരവധി തടസ്സങ്ങൾ നേരിട്ടെങ്കിലും അവ പരിഹരിച്ച് സമയബന്ധിതമായി പദ്ധതി പൂർത്തിയാക്കുമെന്ന് അധികൃതർ വ്യക്തമാക്കി.
ജില്ലാ പഞ്ചായത്ത് പ്രസിഡൻറ് ശ്രീ രാരിച്ചൻ നീറണാംകുന്നേൽ, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് സുനി സാബു, ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് പി എസ് ജേക്കബ്, എന്നിവർ സന്നിഹിതരായിരുന്നു.





