പ്ലാറ്റിനം ജൂബിലി നിറവിൽ കലൂർ ഐപ്പ് മെമ്മോറിയൽ ഹൈസ്‌കൂൾ

പ്ലാറ്റിനം ജൂബിലി നിറവിൽ കലൂർ ഐപ്പ് മെമ്മോറിയൽ ഹൈസ്‌കൂൾ

കലൂർ ഐപ്പ് മെമ്മോറിയൽ ഹൈസ്‌കൂൾ പ്ലാറ്റിനം ജൂബിലിയോടനുബന്ധിച്ച് വിവിധ പരിപാടികൾ സംഘടിപ്പിക്കുമെന്ന് അധികൃതർ അറിയിച്ചു.

Slide 1
Slide 2
Slide 3
Slide 4

1951-ൽ ഐപ്പ് വർഗീസ് കൊച്ചുകുടിയുടെ സ്മരണാർത്ഥം ആരംഭിച്ച വിദ്യാലയത്തിന്റെ പ്ലാറ്റിനം ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി സമാപന സമ്മേളനം, സ്കൂൾ വാർഷികം, പൂർവവിദ്യാർത്ഥി സംഗമം, യാത്രയയപ്പ് സമ്മേളനം എന്നിവ ഇന്നുമുതൽ പത്തുവരെ നടക്കും. ആഘോഷങ്ങൾക്ക് മുന്നോടിയായുള്ള വിളംബര റാലി മൂന്നിന് സംഘടിപ്പിക്കും. രാത്രി ഏഴിന് തിരുവനന്തപുരം അജന്ത തീയറ്റേഴ്സിന്റെ നാടകം അരങ്ങേറും.

നാളെ രാവിലെ 10ന് സ്കൂൾ മാനേജർ ഐപ്പ് വർഗീസ് കൊച്ചുകുടി പതാക ഉയർത്തും. ഉച്ചകഴിഞ്ഞ് 2.30ന് പൂർവവിദ്യാർത്ഥികളായ വൈദികരുടെ നേതൃത്വത്തിൽ സമൂഹബലി നടക്കും. തുടർന്ന് സെപക് ടാക്രോ, കിക്ക് വോളിബോൾ മത്സരങ്ങൾ. വൈകിട്ട് അഞ്ചിന് പൂർവവിദ്യാർത്ഥി സംഗമത്തോടനുബന്ധിച്ചുള്ള സാംസ്‌കാരിക സമ്മേളനം ഡീൻ കുര്യാക്കോസ് എം.പി ഉദ്ഘാടനം ചെയ്യും.

സ്കൂൾ മാനേജർ അദ്ധ്യക്ഷത വഹിക്കുന്ന സമ്മേളനത്തിൽ കോതമംഗലം രൂപത വികാരി ജനറാൾ മോൺ. പയസ് മലേക്കണ്ടം മുഖ്യപ്രഭാഷണം നടത്തും. വിവിധ മേഖലകളിൽ പ്രശസ്തരായ പൂർവവിദ്യാർത്ഥികളെ ചടങ്ങിൽ ആദരിക്കും. മുൻ എം.എൽ.എ പി. സി. ജോസഫ്, സിനിമാതാരം മനോജ് ഗിന്നസ്, കേണൽ ആസാദ് എന്നിവർ പ്രസംഗിക്കും. തുടർന്ന് പൂർവവിദ്യാർത്ഥികൾ അവതരിപ്പിക്കുന്ന ഗാനസന്ധ്യ ഉണ്ടായിരിക്കും.

ഒമ്പതിന് നടക്കുന്ന സ്കൂൾ വാർഷിക സമ്മേളനം എറണാകുളം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ. ജി. രാധാകൃഷ്ണൻ ഉദ്ഘാടനം ചെയ്യും. പി.ടി.എ പ്രസിഡന്റ് സജി പൗലോസ് അധ്യക്ഷത വഹിക്കും. സിനിമാതാരം സാജു നവോദയ മുഖ്യാതിഥിയും എറണാകുളം ജില്ലാ വിദ്യാഭ്യാസ ഉപ ഡയറക്ടർ സുബിൻ പോൾ വിശിഷ്ടാതിഥിയുമായിരിക്കും. അവാർഡ് വിതരണം സ്കൂൾ മാനേജർ നിർവഹിക്കും. സർവീസിൽ നിന്ന് വിരമിക്കുന്ന സംഗീത അദ്ധ്യാപകൻ സജി ചെറിയാനെ ചടങ്ങിൽ യാത്രയയപ്പ് നൽകും. തുടർന്ന് വിദ്യാർത്ഥികളുടെ കലാപരിപാടികൾ അരങ്ങേറും.

വൈകിട്ട് 4.30ന് നടക്കുന്ന പ്ലാറ്റിനം ജൂബിലി സമാപന സമ്മേളനം പ്രതിപക്ഷ നേതാവ് വി. ഡി. സതീശൻ ഉദ്ഘാടനം ചെയ്യും. സ്കൂൾ മാനേജർ അദ്ധ്യക്ഷത വഹിക്കുന്ന ചടങ്ങിൽ ഡീൻ കുര്യാക്കോസ് എം.പി മുഖ്യപ്രഭാഷണം നടത്തും. ജൂബിലി ഇൻഡോർ സ്റ്റേഡിയം കെ. ഫ്രാൻസിസ് ജോർജ് എം.പി ഉദ്ഘാടനം ചെയ്യും.

എം.എൽ.എമാരായ പി. ജെ. ജോസഫ്, മാത്യു കുഴൽനാടൻ, ആന്റണി ജോൺ എന്നിവർ പ്രസംഗിക്കും. സാമൂഹിക–രാഷ്ട്രീയ–സാംസ്‌കാരിക മേഖലകളിലെ പ്രമുഖർ സന്ദേശം നൽകും. തുടർന്ന് സ്കൂൾ വിദ്യാർത്ഥികളായ 75 കലാപ്രതിഭകൾ അവതരിപ്പിക്കുന്ന കലയരങ്ങ്, വോയിസ് ഓഫ് കൊച്ചിൻ അവതരിപ്പിക്കുന്ന മെഗാ സ്റ്റേജ് ഷോ എന്നിവയും അരങ്ങേറും.