സഞ്ചാരികൾക്ക് രുചിവൈവിധ്യങ്ങളൊരുക്കാൻ കുടുംബശ്രീ പ്രീമിയം കഫേ റസ്റ്റോറന്റ്; ഇടുക്കിയിൽ ആദ്യ സംരംഭം ഉദ്ഘാടനം ചെയ്തു

സഞ്ചാരികൾക്ക് രുചിവൈവിധ്യങ്ങളൊരുക്കാൻ കുടുംബശ്രീ പ്രീമിയം കഫേ റസ്റ്റോറന്റ്; ഇടുക്കിയിൽ ആദ്യ സംരംഭം ഉദ്ഘാടനം ചെയ്തു

സഞ്ചാരികൾക്കും നാട്ടുകാർക്കും രുചിവൈവിധ്യങ്ങളുമായി കുടുംബശ്രീ പ്രീമിയം കഫേ റസ്റ്റോറന്റ് ഇനി ഇടുക്കിയിലും. ജില്ലയിലെ ആദ്യ കുടുംബശ്രീ പ്രീമിയം കഫേ റസ്റ്റോറന്റ് വാഗമൺ പേട്ട ജംഗ്ഷനിൽ മന്ത്രി വി. എൻ. വാസവൻ ഉദ്ഘാടനം ചെയ്തു.

Slide 1
Slide 2
Slide 3
Slide 4

കുടുംബശ്രീയുടെ സൂക്ഷ്മസംരംഭ മേഖലയിൽ ശ്രദ്ധേയമായ ഇടപെടലുകളിലൊന്നാണ് കഫേ കുടുംബശ്രീയും പ്രീമിയം കഫേ സെന്ററുകളും. വൈവിധ്യമാർന്ന ഭക്ഷണവിഭവങ്ങൾ മായം ചേർക്കാതെയും ഗുണമേന്മ ഉറപ്പാക്കിയും വനിതകളുടെ നേതൃത്വത്തിൽ തയ്യാറാക്കി ഉപഭോക്താക്കൾക്ക് നൽകുന്നതാണ് പ്രീമിയം കഫേയുടെ പ്രത്യേകത.

അയ്യപ്പൻകോവിൽ സ്വദേശിയും കുടുംബശ്രീ അംഗവുമായ കൃപ പ്രകാശാണ് റസ്റ്റോറന്റ് നടത്തുന്നത്. വിവിധ മേഖലകളിലായി 20ഓളം കുടുംബശ്രീ അംഗങ്ങൾക്ക് രണ്ട് ഷിഫ്റ്റുകളിലായി ഇവിടെ തൊഴിൽ ലഭിക്കും. ഡിടിപിസിയുടെ കെട്ടിടം ഏറ്റെടുത്ത് ആവശ്യമായ സൗകര്യങ്ങൾ സംരംഭകർ തന്നെയാണ് ഒരുക്കിയിരിക്കുന്നത്.

സംസ്ഥാനത്ത് ആരംഭിക്കുന്ന 15-ാമത്തെ കുടുംബശ്രീ പ്രീമിയം കഫേ റസ്റ്റോറന്റാണ് വാഗമണിലേത്. കണ്ണഞ്ചിപ്പിക്കുന്ന സൗകര്യങ്ങളോടെയാണ് കഫേ സജ്ജീകരിച്ചിരിക്കുന്നത്. പൂർണമായും ശീതീകരിച്ച റസ്റ്റോറന്റിൽ ഒരേസമയം 100 പേർക്ക് ഇരുന്ന് ഭക്ഷണം കഴിക്കാനുള്ള സൗകര്യമുണ്ട്. രാവിലെ ഏഴ് മുതൽ രാത്രി പത്ത് വരെയാണ് പ്രവർത്തന സമയം. പാഴ്‌സൽ സൗകര്യവും ഒരുക്കിയിട്ടുണ്ട്.

ഇന്ത്യൻ, ചൈനീസ് വെജിറ്റേറിയൻ–നോൺവെജിറ്റേറിയൻ വിഭവങ്ങൾക്കൊപ്പം ജ്യൂസ്, ഷേക്ക് തുടങ്ങിയവയും ഇവിടെ ലഭ്യമാകും. പ്രവർത്തനം ആരംഭിച്ച ശേഷം മൂന്ന് മാസത്തേക്ക് സംരംഭകർക്ക് ആവശ്യമായ പരിശീലനം കുടുംബശ്രീ തന്നെ നൽകുന്നുണ്ട്.

ഒരേസമയം 25 കാറുകൾ പാർക്ക് ചെയ്യാനുള്ള സൗകര്യം, സ്ത്രീകൾക്കും പുരുഷന്മാർക്കും പ്രത്യേകം ശൗചാലയങ്ങൾ, കാത്തിരിപ്പിനുള്ള ഇടം എന്നിവയും റസ്റ്റോറന്റിൽ ഒരുക്കിയിട്ടുണ്ട്. സഞ്ചാരമേഖലയിൽ വനിതാ സംരംഭകത്വത്തിന് കരുത്തേകുന്ന പദ്ധതിയായി കുടുംബശ്രീ പ്രീമിയം കഫേ ശ്രദ്ധേയമാകുകയാണ്.