ഇടുക്കി മെഡിക്കൽ കോളേജ് റഫറൽ ആശുപത്രിയായി തരംതാണു – പ്രൊഫ. എം.ജെ. ജേക്കബ്

ഇടുക്കി മെഡിക്കൽ കോളേജ് റഫറൽ ആശുപത്രിയായി തരംതാണു – പ്രൊഫ. എം.ജെ. ജേക്കബ്

ചെറുതോണി: ഇടുക്കി മെഡിക്കൽ കോളേജിനോടുള്ള സംസ്ഥാന സർക്കാരിന്റെ അവഗണന ഒരു തരത്തിലും ന്യായീകരിക്കാനാവില്ലെന്ന് കേരള കോൺഗ്രസ് ജില്ലാ പ്രസിഡന്റും യുഡിഎഫ് ജില്ലാ കൺവീനറുമായ പ്രൊഫ. എം.ജെ. ജേക്കബ് ആരോപിച്ചു. ഇടുക്കി ജില്ലയിലെ മലയോര ജനതയ്ക്ക് വലിയ പ്രതീക്ഷ നൽകിക്കൊണ്ടാണ് ഉമ്മൻചാണ്ടി സർക്കാർ 12 വർഷങ്ങൾക്ക് മുൻപ് ഇടുക്കി മെഡിക്കൽ കോളേജ് ആരംഭിച്ചതെന്നും, എന്നാൽ എൽഡിഎഫ് സർക്കാർ അധികാരത്തിൽ വന്നതോടെ കോളേജിനോടുള്ള അവഗണന തുടർച്ചയായ നിലയിലാണ് എന്നും അദ്ദേഹം പറഞ്ഞു.

Slide 1
Slide 2
Slide 3
Slide 4

മെഡിക്കൽ കോളേജിലെ പല വകുപ്പുകളിലും ആവശ്യമായ യോഗ്യതയുള്ള ഡോക്ടർമാരുടെ അഭാവം ഗുരുതര പ്രശ്നമായി തുടരുകയാണ്. ഡോക്ടർമാരും നഴ്‌സുമാരും മറ്റ് ജീവനക്കാരും ആവശ്യത്തിനില്ല. ചികിത്സ തേടി എത്തുന്ന രോഗികൾക്ക് അത്യാവശ്യ മരുന്നുകൾ പോലും ലഭ്യമല്ലെന്നതാണ് യാഥാർത്ഥ്യം. കോളേജിന്റെ ഈ ശോചനീയാവസ്ഥ പരിഹരിക്കണമെന്നാവശ്യപ്പെട്ട് നിരവധി സമരങ്ങൾ നടത്തിയിട്ടുണ്ടെങ്കിലും അധികാരികളുടെ ഭാഗത്തുനിന്ന് ലഭിച്ചത് വാഗ്ദാനങ്ങൾ മാത്രമാണെന്ന് പ്രൊഫ. ജേക്കബ് പറഞ്ഞു.

അടിസ്ഥാന സൗകര്യങ്ങളുടെ അഭാവം ചൂണ്ടിക്കാട്ടി മെഡിക്കൽ കോളേജ് വിദ്യാർത്ഥികളും നിരവധി സമരങ്ങൾ നടത്തിയിരുന്നു. എന്നാൽ ഇതുവരെ പ്രശ്നങ്ങൾക്ക് ശാശ്വത പരിഹാരം ഉണ്ടായിട്ടില്ല. കഴിഞ്ഞ ഒരു വർഷമായി ആശുപത്രി മാനേജ്മെന്റ് കമ്മിറ്റി (എച്ച്.എം.സി) പോലും വിളിച്ചുചേർത്തിട്ടില്ലെന്നത് ഗുരുതരമായ ഭരണവൈഫല്യമാണ്. എച്ച്.എം.സിക്ക് പകരം ജില്ലയിൽ നിന്നുള്ള മന്ത്രിയും എൽഡിഎഫ് നേതാക്കളും ഉൾപ്പെട്ട എക്‌സിക്യൂട്ടീവ് കമ്മിറ്റിയാണ് നിലവിൽ പ്രവർത്തിക്കുന്നത്. കേരളത്തിൽ എച്ച്.എം.സി ചേരാത്ത ഏക മെഡിക്കൽ കോളേജാണ് ഇടുക്കിയിലേതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

നിലവിൽ ഇടുക്കി മെഡിക്കൽ കോളേജ് ഒരു ‘റഫറൽ മെഡിക്കൽ കോളേജ്’ എന്ന നിലയിലേക്കാണ് തരംതാണിരിക്കുന്നതെന്ന് പ്രൊഫ. ജേക്കബ് ആരോപിച്ചു. ഇവിടെ എത്തുന്ന രോഗികളെ മറ്റ് സർക്കാർ ആശുപത്രികളിലേക്കോ മെഡിക്കൽ കോളേജുകളിലേക്കോ റഫർ ചെയ്യുന്നതാണ് പ്രധാന പ്രവർത്തനമായി മാറിയിരിക്കുന്നത്. സർക്കാർ അടിയന്തരമായി ഉണർന്ന് ഇടപെട്ടില്ലെങ്കിൽ ഗുരുതരമായ പ്രത്യാഘാതങ്ങൾ ഉണ്ടാകുമെന്ന് അദ്ദേഹം മുന്നറിയിപ്പ് നൽകി.

പത്രസമ്മേളനത്തിൽ കേരള കോൺഗ്രസ് സംസ്ഥാന ഉന്നതാധികാര സമിതിയംഗം വർഗീസ് വെട്ടിയാങ്കൽ, സംസ്ഥാന സെക്രട്ടറി ബെന്നി പുതുപ്പാടി, യൂത്ത് ഫ്രണ്ട് ജില്ലാ പ്രസിഡന്റ് അഡ്വ. എബി തോമസ്, കേരള കോൺഗ്രസ് ജില്ലാ സെക്രട്ടറി കെ.കെ. വിജയൻ, വാഴത്തോപ്പ് മണ്ഡലം പ്രസിഡന്റ് ഷിജോ ഞവരക്കാട്ട് എന്നിവർ പങ്കെടുത്തു.