ഭവന നിർമ്മാണം, ആരോഗ്യ മേഖല, കുടിവെള്ളം, വനിതാ ക്ഷേമം എന്നിവക്ക് പ്രാധാന്യം നൽകി അഴുത ബ്ലോക്ക് പഞ്ചായത്ത് ബജറ്റ്

ഭവന നിർമ്മാണം, ആരോഗ്യ മേഖല, കുടിവെള്ളം, വനിതാ ക്ഷേമം എന്നിവക്ക് പ്രാധാന്യം നൽകി അഴുത ബ്ലോക്ക് പഞ്ചായത്ത് ബജറ്റ്

അഴുത: ഭവന നിർമ്മാണം, ആരോഗ്യസംരക്ഷണം, കുടിവെള്ളം, വനിതാ ക്ഷേമം തുടങ്ങിയ മേഖലകൾക്ക് മുൻഗണന നൽകി അഴുത ബ്ലോക്ക് പഞ്ചായത്ത് ബജറ്റ് അവതരിപ്പിച്ചു. വൈസ് പ്രസിഡന്റ് ജോൺ പി. തോമസ് അവതരിപ്പിച്ച ബജറ്റിൽ 86,48,90,249 രൂപ വരവും 86,35,85,249 രൂപ ചിലവും 13,05,000 രൂപ മിച്ചവും പ്രതീക്ഷിക്കുന്നു.

Slide 1
Slide 2
Slide 3
Slide 4

വനിതാ ക്ഷേമ പദ്ധതികൾക്ക് 89,98,300 രൂപ, ഭിന്നശേഷിക്കാർക്ക് 44,99,150 രൂപ, വയോജനങ്ങൾക്കായി 44,99,150 രൂപ എന്നിവ നീക്കിവച്ചു. പി.എം.എ.വൈ ഭവന നിർമ്മാണ പദ്ധതിക്കായി 1 കോടി 68 ലക്ഷം രൂപ വകയിരുത്തിയിട്ടുണ്ട്. പട്ടികജാതി വിഭാഗത്തിന് പ്രത്യേക ഘടക പദ്ധതിയായി 48 ലക്ഷം രൂപയും പട്ടികവർഗ വിഭാഗത്തിനായി 9.90 ലക്ഷം രൂപയും മാറ്റിവച്ചു.

പൊതുവികസന ഫണ്ടിൽ പശ്ചാത്തല മേഖലയിലെ വിവിധ പ്രവൃത്തികൾക്കായി 1 കോടി 27 ലക്ഷം രൂപ, പട്ടികജാതി വിഭാഗത്തിന് 1 കോടി 20 ലക്ഷം രൂപ, പട്ടികവർഗ വിഭാഗത്തിന് 8,08,500 രൂപ എന്നിവയും വികസന ഫണ്ടിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.

ശുചിത്വം, മാലിന്യ സംസ്കരണം, ജലസംരക്ഷണം എന്നിവയ്ക്കായി ധനകാര്യ കമ്മീഷൻ ഗ്രാന്റിൽ നിന്ന് 1.5 കോടി രൂപ കുടിവെള്ള പദ്ധതികൾക്കായി മാറ്റിവച്ചു. വനിതാ ഗ്രൂപ്പ് സബ്‌സിഡി പദ്ധതികൾക്ക് 47 ലക്ഷം രൂപ, ക്ഷീരകർഷകർക്ക് 11 ലക്ഷം രൂപ, ആരോഗ്യ മേഖലയ്ക്ക് 50 ലക്ഷം രൂപ എന്നിവയും ബജറ്റിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.

ഭിന്നശേഷിക്കാർക്ക് മുചക്രവാഹനത്തിനായി 25 ലക്ഷം രൂപ, പാലിയേറ്റീവ് കെയറിന് 10 ലക്ഷം രൂപ, ശാരീരിക വെല്ലുവിളി നേരിടുന്നവർക്ക് 9 ലക്ഷം രൂപ, പട്ടികജാതി സംരംഭകർക്ക് 12 ലക്ഷം രൂപ, പട്ടികജാതി വിദ്യാർത്ഥികൾക്ക് പഠനമുറിക്കായി 50 ലക്ഷം രൂപ, എസ്‌.ടി വിദ്യാർത്ഥികൾക്ക് പഠനമുറിക്കായി 10 ലക്ഷം രൂപ എന്നിവയും നീക്കിവച്ചു.

കർഷകർക്ക് കാലിത്തീറ്റയ്ക്കായി 20 ലക്ഷം രൂപ, ലൈഫ് ഭവന പദ്ധതിക്കായി 83 ലക്ഷം രൂപ എന്നിവയും ബജറ്റിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. പീരുമേട് താലൂക്ക് ആശുപത്രി, വണ്ടിപ്പെരിയാർ സാമൂഹിക ആരോഗ്യ കേന്ദ്രം എന്നിവിടങ്ങളിലെ വിവിധ പദ്ധതികൾക്കും തുക വകയിരുത്തി. റോഡ് ഇതര മെയിന്റനൻസിനായി 1.68 കോടി രൂപ മാറ്റിവച്ചു.

വിവിധ തലങ്ങളിൽ നിന്ന് ലഭിക്കുന്ന തുകയുടെ അടിസ്ഥാനത്തിൽ തൊഴിലുറപ്പ് തൊഴിലാളികളുടെ വേതനമായി 34,49,83,947 രൂപയും പി.എം.എ.വൈ ഭവന പദ്ധതി (ജനറൽ) 72 ലക്ഷം രൂപ, പട്ടികജാതി കേന്ദ്ര വിഹിതം 50 ലക്ഷം രൂപ, പട്ടികവർഗ കേന്ദ്ര വിഹിതം 10 ലക്ഷം രൂപ എന്നിവയും പ്രതീക്ഷിക്കുന്ന ചിലവുകളിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.

യോഗത്തിൽ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ബിന്ദു സന്തോഷ് പണിക്കർ അധ്യക്ഷത വഹിച്ചു. പെരുവന്താനം പഞ്ചായത്ത് പ്രസിഡന്റ് കെ.ആർ. വിജയൻ, സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻമാരായ നിക്‌സൺ ജോർജ്, അനിത സന്തോഷ്, വനിത മുരുകൻ, ജോയിന്റ് ബി.ഡി.ഒ സന്തോഷ്, മെമ്പർമാരായ നൗഷാദ് വെംബ്ലി, പി.എ. അബ്ദുൽ റഷീദ്, ബിനോയ് കുര്യൻ, ജി. മഹേന്ദ്രൻ, വിത്സമ്മ ആന്റണി, കെ.കെ. ജീവാമോൾ, ദേവി ഈശ്വരൻ, കെ.ബി. ഷെമീന, ഷീല ടീച്ചർ, ഉദ്യോഗസ്ഥർ, മാധ്യമപ്രവർത്തകർ എന്നിവർ പങ്കെടുത്തു.