എസ്.ഐ.ആർ : പരിഷ്‌കരണത്തിന് ശേഷം ജില്ലയിൽ ഒരു ലക്ഷത്തിലേറെ വോട്ടർമാർ പുറത്ത്

എസ്.ഐ.ആർ : പരിഷ്‌കരണത്തിന് ശേഷം ജില്ലയിൽ ഒരു ലക്ഷത്തിലേറെ വോട്ടർമാർ പുറത്ത്

ഇടുക്കി: പ്രത്യേക തീവ്ര വോട്ടർപട്ടിക പരിഷ്‌കരണമായ എസ്.ഐ.ആർ നടപടികൾക്ക് ശേഷം ജില്ലയിൽ ഒരു ലക്ഷത്തിലേറെ വോട്ടർമാരുടെ പേര് പട്ടികയിൽ നിന്ന് ഒഴിവാക്കി. അന്തിമ പട്ടിക പ്രകാരം 1,01,214 പേരെയാണ് പുറത്താക്കിയത്.

Slide 1
Slide 2
Slide 3
Slide 4

പുതിയ അന്തിമ വോട്ടർ പട്ടികയിൽ ജില്ലയിൽ ആകെ 7,99,254 വോട്ടർമാരാണുള്ളത്. ഇതിൽ 3,94,705 പുരുഷന്മാരും 4,04,541 സ്ത്രീകളും എട്ട് പേർ ട്രാൻസ്‌ജെൻഡർ വിഭാഗത്തിൽപ്പെട്ടവരുമാണ്. മുമ്പുണ്ടായിരുന്ന വോട്ടർ പട്ടികയിൽ 9,00,468 വോട്ടർമാരായിരുന്നു ഉണ്ടായിരുന്നത്. അതിൽ 4,41,352 പുരുഷന്മാരും 4,59,108 സ്ത്രീകളും എട്ട് പേർ ട്രാൻസ്‌ജെൻഡർ വിഭാഗത്തിൽപ്പെട്ടവരുമായിരുന്നു.

2025 ഡിസംബർ 23ന് പ്രസിദ്ധീകരിച്ച കരട് വോട്ടർ പട്ടികയിൽ ആകെ 7,76,381 വോട്ടർമാരാണ് ഉണ്ടായിരുന്നത്. കരട് പട്ടികയ്‌ക്കെതിരെ ലഭിച്ച പരാതികൾ പരിഗണിച്ച് ഹിയറിങ് നടപടികൾ പൂർത്തിയാക്കിയ ശേഷമാണ് അന്തിമ പട്ടിക പ്രസിദ്ധീകരിച്ചത്. മരിച്ചവരും ഇരട്ടവോട്ട് ഉള്ളവരും എൻമറേഷൻ ഫോം സമർപ്പിക്കാത്തവരും ഉൾപ്പെടെ നിരവധി പേരുടെ പേര് പട്ടികയിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. കരട് പട്ടികയേക്കാൾ 22,873 പേരാണ് അന്തിമ പട്ടികയിൽ അധികമായി ഉൾപ്പെട്ടത്.

പട്ടികയിൽ നിന്ന് പുറത്തായവരിൽ ഭൂരിഭാഗവും ഇരട്ടവോട്ടുള്ളവരാണെന്നാണ് അധികൃതരുടെ നിഗമനം. പീരുമേട്, ദേവികുളം, ഉടുമ്പൻചോല താലൂക്കുകളിലാണ് ഇത്തരത്തിലുള്ള ഇരട്ട വോട്ടർമാർ കൂടുതലായി കണ്ടെത്തിയത്. തമിഴ് വിഭാഗത്തിൽപ്പെട്ട തോട്ടം തൊഴിലാളികളിൽ പലർക്കും കേരളത്തിലും തമിഴ്നാട്ടിലും മേൽവിലാസമുള്ളതിനാൽ രണ്ടിടങ്ങളിലും വോട്ടർ പട്ടികയിൽ പേര് ചേർത്തിട്ടുണ്ടെന്നാണ് കണ്ടെത്തൽ.

ഇടുക്കിയിൽ താമസിക്കുന്ന തമിഴ് വംശജരിൽ പലരുടെയും ബന്ധുക്കൾ തമിഴ്നാട്ടിലാണ്. വിവിധ രാഷ്ട്രീയ പാർട്ടികളുടെ തൊഴിലാളി യൂണിയനുകളുമായി ഇവർ ബന്ധപ്പെട്ടു പ്രവർത്തിക്കുന്നവരുമാണ്. ചിലർക്ക് തമിഴ്നാട്ടിൽ സ്ഥിരം മേൽവിലാസവും വോട്ടേഴ്സ് ഐഡിയും ഉണ്ടായിരിക്കെ കേരളത്തിലെ താത്കാലിക മേൽവിലാസം ഉപയോഗിച്ച് റേഷൻകാർഡും വോട്ടേഴ്സ് ഐഡിയും നേടിയതായി കണ്ടെത്തിയിട്ടുണ്ട്.

വോട്ടർ പട്ടിക ഓൺലൈനിൽ പരിശോധിക്കാം

വോട്ടർ പട്ടിക തിരഞ്ഞെടുപ്പ് കമ്മിഷന്റെ ഔദ്യോഗിക വെബ്‌സൈറ്റായ voters.eci.gov.in വഴി ഓൺലൈനായി പരിശോധിക്കാം. അർഹരായ ആരുടെയെങ്കിലും പേര് പട്ടികയിൽ നിന്ന് ഒഴിവായിട്ടുണ്ടെങ്കിൽ അക്ഷയ സെന്ററുകളിലൂടെയോ പൊതുസേവന കേന്ദ്രങ്ങളിലൂടെയോ അപേക്ഷ നൽകി പേര് ചേർക്കാം. പ്ലേസ്റ്റോറിൽ ലഭ്യമായ വോട്ടർ ഹെൽപ്‌ലൈൻ ആപ്പ് ഡൗൺലോഡ് ചെയ്തും അപേക്ഷ നൽകാവുന്നതാണ്.

മണ്ഡലങ്ങളിലെ വോട്ടർമാരുടെ എണ്ണം

ദേവികുളം – 1,41,206 (പുരുഷൻമാർ 69,559, സ്ത്രീകൾ 71,646, ട്രാൻസ്‌ജെൻഡർ 1) – ഒഴിവാക്കപ്പെട്ടവർ 27,442

ഉടുമ്പൻചോല – 1,49,111 (പുരുഷൻമാർ 73,684, സ്ത്രീകൾ 75,424, ട്രാൻസ്‌ജെൻഡർ 3) – ഒഴിവാക്കപ്പെട്ടവർ 22,583

തൊടുപുഴ – 1,87,167 (പുരുഷൻമാർ 92,404, സ്ത്രീകൾ 94,760, ട്രാൻസ്‌ജെൻഡർ 3) – ഒഴിവാക്കപ്പെട്ടവർ 5,316

ഇടുക്കി – 1,66,497 (പുരുഷൻമാർ 82,473, സ്ത്രീകൾ 84,024) – ഒഴിവാക്കപ്പെട്ടവർ 21,939

പീരുമേട് – 1,55,273 (പുരുഷൻമാർ 76,585, സ്ത്രീകൾ 78,687, ട്രാൻസ്‌ജെൻഡർ 1) – ഒഴിവാക്കപ്പെട്ടവർ 23,934