ഓട്ടോറിക്ഷ നിരക്ക് ഉയർത്തണം : ബിഎംഎസ്
ചെറുതോണി: ഓട്ടോറിക്ഷ തൊഴിലാളികളോടുള്ള അധികാരികളുടെ സമീപനത്തിൽ മാറ്റമുണ്ടാകണമെന്നും നാലു വർഷം മുൻപ് നിശ്ചയിച്ച നിരക്ക് അടിയന്തരമായി വർദ്ധിപ്പിക്കണമെന്നും കേരള പ്രദേശ് ഓട്ടോറിക്ഷ മസ്ദൂർ ഫെഡറേഷൻ സംസ്ഥാന ജനറൽ സെക്രട്ടറി കെ.എൻ മോഹനൻ ആവശ്യപ്പെട്ടു.
ജില്ലാ ഓട്ടോറിക്ഷ മസ്ദൂർ സംഘം വാർഷിക സമ്മേളനം ചെറുതോണിയിൽ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. യൂണിയൻ പ്രസിഡന്റ് പി.കെ രതീഷ് അധ്യക്ഷത വഹിച്ചു.
ബി.എം.എസ് ജില്ലാ സെക്രട്ടറി കെ.സി സിനീഷ് കുമാർ, ജില്ലാ ട്രഷറർ സതീഷ് വേണുഗോപാൽ എന്നിവർ സംസാരിച്ചു.
സമ്മേളനത്തിൽ പുതിയ ഭാരവാഹികളായി ജോബി മാത്യു (പ്രസിഡന്റ്), കെ.കെ സനു (ജനറൽ സെക്രട്ടറി), കെ.ടി സജയൻ (ട്രഷറർ) എന്നിവരടങ്ങുന്ന 18 അംഗ സമിതിയെ തെരഞ്ഞെടുത്തു.
തൊഴിലാളികളുടെ വർധിച്ചുവരുന്ന ജീവിതച്ചെലവും ഇന്ധനവിലയും പരിഗണിച്ച് നിരക്ക് വർദ്ധന അനിവാര്യമാണെന്നും നേതാക്കൾ ചൂണ്ടിക്കാട്ടി.





