മരിയൻ കോളേജിൽ ഇന്ന് ദേശീയ കോൺഫറൻസ്: ‘ഹരിത വ്യാപാരവും സുസ്ഥിര വാണിജ്യവും’ ചർച്ചയാകും

മരിയൻ കോളേജിൽ ഇന്ന് ദേശീയ കോൺഫറൻസ്: ‘ഹരിത വ്യാപാരവും സുസ്ഥിര വാണിജ്യവും’ ചർച്ചയാകും

കുട്ടിക്കാനം : സാമ്പത്തിക വളർച്ചയും പാരിസ്ഥിതിക സംരക്ഷണവും കൈകോർക്കുന്ന സുസ്ഥിര വാണിജ്യ മാതൃകകളെ ആസ്പദമാക്കി കുട്ടിക്കാനം മരിയൻ കോളേജ് (ഓട്ടോണമസ്) ഇന്ന് ദേശീയ കോൺഫറൻസിന് വേദിയാകുന്നു. സ്കൂൾ ഓഫ് കൊമേഴ്സ് ആൻഡ് പ്രൊഫഷണൽ സ്റ്റഡീസിന്റെ (SCAPS) ആഭിമുഖ്യത്തിൽ ഐ.സി.എസ്.എസ്.ആർ (ICSSR-SRC) സ്‌പോൺസർ ചെയ്യുന്ന പരിപാടി രാവിലെ 9.30ന് ആരംഭിക്കും.

Slide 1
Slide 2
Slide 3
Slide 4

മരിയൻ കോളേജ് പ്രിൻസിപ്പൽ പ്രൊഫ. ഡോ. അജിമോൻ ജോർജ് സമ്മേളനം ഉദ്ഘാടനം ചെയ്യും. കൊമേഴ്സ് വിഭാഗം മേധാവി ഡോ. രൂപ ആർ, കോൺഫറൻസ് കൺവീനർ ഡോ. എമിൽഡ കെ. ജോസഫ് എന്നിവർ സംഘാടക സമിതിക്ക് നേതൃത്വം നൽകുന്നു.

ഉദ്ഘാടനത്തിന് പിന്നാലെ നടക്കുന്ന അക്കാദമിക് സെഷനുകളിൽ പ്രമുഖ വിദഗ്ധർ പങ്കെടുക്കും. കൊച്ചി EY ഗ്ലോബൽ ഡെലിവറി സർവീസസിലെ ക്ലൈമറ്റ് ചേഞ്ച് ആൻഡ് സസ്റ്റൈനബിലിറ്റി സർവീസസ് സീനിയർ മാനേജർ ജോണി സി. പോൾ, ട്രിച്ചി സെന്റ് ജോസഫ്സ് കോളേജിലെ ഡോ. ജി. ജോൺ, മഹാത്മാഗാന്ധി യൂണിവേഴ്സിറ്റി ഓഫ് ദി തേർഡ് ഏജ് ഡയറക്ടർ ഡോ. ടോണി കെ. തോമസ് എന്നിവർ മുഖ്യാതിഥികളായി പങ്കെടുക്കും.

‘Green Trade and Sustainable Commerce: Reimagining Trade and Commerce for an Inclusive Economy’ എന്നതാണ് കോൺഫറൻസിന്റെ മുഖ്യവിഷയം. സാമ്പത്തിക വളർച്ചയ്‌ക്കൊപ്പം സാമൂഹികവും പാരിസ്ഥിതികവുമായ ഉത്തരവാദിത്തങ്ങൾ ഉറപ്പാക്കുന്ന സുസ്ഥിര വാണിജ്യ മാതൃകകളും നൈതിക വ്യാപാര രീതികളും പ്രോത്സാഹിപ്പിക്കുകയാണ് ലക്ഷ്യം.

ഇതിനൊപ്പം, കൊമേഴ്സ്-മാനേജ്മെന്റ് മേഖലകളിലെ നവീന പ്രവണതകളെക്കുറിച്ച് അധ്യാപകരും ഗവേഷകരും വ്യവസായ വിദഗ്ധരും വിദ്യാർത്ഥികളും പങ്കെടുക്കുന്ന പ്രബന്ധ അവതരണങ്ങളും നടക്കും. അറിവ് പങ്കുവെക്കാനും സുസ്ഥിര സാമ്പത്തിക വ്യവസ്ഥയിലേക്കുള്ള ചർച്ചകൾക്ക് വഴിതെളിക്കാനും കോൺഫറൻസ് വേദിയാകും.