സ്വീപ് വോട്ടർ ബോധവൽക്കരണ പരിപാടി : ജില്ലാ കളക്ടർ ഡോ. ദിനേശൻ ചെറുവാട്ട് വണ്ടിപ്പെരിയാർ മേഖല സന്ദർശിച്ചു
ഇടുക്കി: സ്വീപ് വോട്ടർ ബോധവൽക്കരണ പരിപാടിയുടെ ഭാഗമായി ജില്ലാ കളക്ടർ ഡോ. ദിനേശൻ ചെറുവാട്ട് വണ്ടിപ്പെരിയാർ മേഖല സന്ദർശിച്ചു. സന്ദർശനത്തിനിടെ ആദിമഗോത്ര സമൂഹമായ മലപണ്ടാരം വിഭാഗക്കാരുമായി കളക്ടർ നേരിട്ട് സംവദിച്ചു.
തിരഞ്ഞെടുപ്പിൽ വോട്ടവകാശം നിർബന്ധമായും വിനിയോഗിക്കേണ്ടതിന്റെ പ്രാധാന്യം കളക്ടർ അവർക്കു വിശദീകരിച്ചു. വോട്ടിംഗ് സംബന്ധമായ സംശയങ്ങൾ ദൂരീകരിക്കുകയും ബോധവൽക്കരണ സന്ദേശം നൽകുകയും ചെയ്തു. തിരഞ്ഞെടുപ്പിൽ തങ്ങളുടെ വോട്ടവകാശം ഉറപ്പായും വിനിയോഗിക്കുമെന്ന് മലപണ്ടാരം വിഭാഗക്കാർ ജില്ലാ തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥനായ കളക്ടറെ അറിയിച്ചു.
പരമ്പരാഗതമായി നാടോടി വനവാസികളായ മലപണ്ടാരം വിഭാഗക്കാർ കാടുകളിൽ നിന്ന് ലഭിക്കുന്ന വിഭവങ്ങളെ ആശ്രയിച്ചാണ് ജീവിക്കുന്നത്. കുറച്ചുകാലം ഒരു സ്ഥലത്ത് തങ്ങിയ ശേഷം വനേതര ഉൽപ്പന്നങ്ങൾ ശേഖരിക്കാൻ മറ്റു പ്രദേശങ്ങളിലേക്ക് മാറുന്നതാണ് ഇവരുടെ ജീവിതരീതി. സന്ദർശനത്തിൽ വനം വകുപ്പ് ഉദ്യോഗസ്ഥരും പങ്കെടുത്തു.
വോട്ടർ വിദ്യാഭ്യാസം, അവബോധം വർധിപ്പിക്കൽ, വോട്ടർ സാക്ഷരത പ്രോത്സാഹനം എന്നിവ ലക്ഷ്യമിട്ട് തിരഞ്ഞെടുപ്പ് കമ്മീഷൻ നടപ്പിലാക്കുന്ന പ്രധാന പരിപാടിയായ സ്വീപ്പിന്റെ ഭാഗമായാണ് ഈ സന്ദർശനം സംഘടിപ്പിച്ചത്. ജനാധിപത്യ പ്രക്രിയയിൽ പൊതുജനങ്ങളുടെ സജീവ പങ്കാളിത്തം ഉറപ്പാക്കുന്നതിന് വിവിധ ബോധവൽക്കരണ പ്രവർത്തനങ്ങൾ സ്വീപ്പ് പദ്ധതിയുടെ കീഴിൽ നടന്നു വരികയാണ്.






