നിയമസഭാ തെരഞ്ഞെടുപ്പ് പ്രചാരണ ക്ഷീണം മാറാൻ വി.ഡി. സതീശൻ ഹൈറേഞ്ചിൽ
“വനത്തിലാണ്… വനവാസത്തിലല്ല” എന്ന കുറിപ്പോടെയുള്ള വീഡിയോ സോഷ്യൽ മീഡിയയിൽ വലിയ ചർച്ചകൾക്ക് വഴിയൊരുക്കുകയാണ്
മാസങ്ങളോളം നീണ്ടുനിന്ന നിയമസഭാ തെരഞ്ഞെടുപ്പ് പ്രചാരണങ്ങളുടെ തിരക്കിലും സമ്മർദ്ദങ്ങളിലും നിന്ന് ചെറിയൊരു ഇടവേള എടുക്കാൻ പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ ഹൈറേഞ്ചിൽ . കുട്ടിക്കാനം മലനിരകളിൽ ട്രെക്കിംഗ് നടത്തുകയും അടുത്ത സുഹൃത്തുക്കളോടൊപ്പം സമയം ചെലവഴിക്കുകയും ചെയ്യുന്ന ദൃശ്യങ്ങളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുന്നത്.
കോൺഗ്രസ് ഡിജിറ്റൽ മീഡിയ സെൽ കോ-ഓർഡിനേറ്റർ താര ടോജോ അലക്‌സ് ആണ് ഈ ദൃശ്യങ്ങൾ പങ്കുവെച്ചത്. “വനത്തിലാണ്… വനവാസത്തിലല്ല” എന്ന കുറിപ്പോടെയുള്ള വീഡിയോ സോഷ്യൽ മീഡിയയിൽ വലിയ ചർച്ചകൾക്ക് വഴിയൊരുക്കി.
പ്രചാരണ വേളയിൽ യുഡിഎഫിന് മികച്ച വിജയം നേടിക്കൊടുക്കാനായില്ലെങ്കിൽ ‘രാഷ്ട്രീയ വനവാസത്തിന്’ പോകുമെന്ന് സതീശൻ പറഞ്ഞിരുന്നു. ആ പ്രസ്താവനയെ ചുറ്റിപ്പറ്റിയാണ് ഇപ്പോൾ ഈ ട്രെക്കിംഗ് വീഡിയോയുമായി ബന്ധപ്പെട്ട ചർച്ചകൾ ഉയരുന്നത്.
വനയാത്രകളും ട്രെക്കിംഗും തനിക്ക് ഏറെ ഇഷ്ടമാണെന്നും തെരഞ്ഞെടുപ്പിന് ശേഷം പ്രകൃതിയിലേക്ക് മടങ്ങുമെന്നും അദ്ദേഹം നേരത്തെ വ്യക്തമാക്കിയിരുന്നു. വോട്ടെണ്ണൽ ദിവസത്തിന് മുന്നോടിയായി, കുട്ടിക്കാനം പ്രദേശത്തെ ഒരു റിസോർട്ടിൽ സുഹൃത്തുക്കളോടൊപ്പം താമസിച്ച് പ്രകൃതിയോട് ചേർന്ന് വിശ്രമിക്കുകയാണ് അദ്ദേഹം.
രാഷ്ട്രീയ സമ്മർദ്ദങ്ങളിൽ നിന്ന് താൽക്കാലികമായി വിട്ടുനിൽക്കുന്നതിനൊപ്പം, ഫലത്തെ ആത്മവിശ്വാസത്തോടെ കാത്തിരിക്കുകയാണെന്ന സൂചനയും അദ്ദേഹത്തിന്റെ സമീപനം നൽകുന്നു.





