കെസിവൈഎം ഇടുക്കി രൂപത : പ്രഥമ യൂത്ത് എപ്പാർക്കിയൽ അസംബ്ലി നെടുങ്കണ്ടത്ത്
ഇടുക്കി: കെസിവൈഎം ഇടുക്കി രൂപതയുടെ പ്രഥമ യൂത്ത് എപ്പാർക്കിയൽ അസംബ്ലി നെടുങ്കണ്ടത്ത് ആരംഭിക്കും. രൂപതയുടെ ചരിത്രത്തിലാദ്യമായി സംഘടിപ്പിക്കുന്ന അസംബ്ലി 19 വരെ നീളും. കെസിവൈഎം നെടുങ്കണ്ടം യൂണിറ്റിന്റെ ആതിഥേയത്വത്തിൽ നെടുങ്കണ്ടം കരുണ അനിമേഷൻ സെന്ററിലാണ് പരിപാടി നടക്കുന്നത്.
പ്രസിഡന്റ് സാം സണ്ണി അധ്യക്ഷത വഹിക്കുന്ന അസംബ്ലി ഇടുക്കി ബിഷപ് മാർ ജോൺ നെല്ലിക്കുന്നേൽ ഉദ്ഘാടനം ചെയ്യും. കെസിവൈഎം സംസ്ഥാന ഡയറക്ടർ ഫാ. ഡിറ്റോ കൂള മുഖ്യപ്രഭാഷണം നടത്തും. ഇടുക്കി രൂപത മുഖ്യ വികാരി ജനറാൾ മോൺ. ജോസ് കരിവേലിക്കൽ അനുഗ്രഹപ്രഭാഷണം നടത്തും.
ആധുനിക കാലഘട്ടത്തിൽ സഭ നേരിടുന്ന വെല്ലുവിളികൾ, യുവജനങ്ങളുടെ ക്രിയാത്മക ഇടപെടലുകൾ, സമുദായ ശക്തീകരണം തുടങ്ങിയ വിഷയങ്ങളെ ആസ്പദമാക്കി വിവിധ പഠന ക്ലാസുകളും ഗ്രൂപ്പ് ചർച്ചകളും അസംബ്ലിയുടെ ഭാഗമായി നടക്കും.
രൂപതയിലെ 105 യൂണിറ്റുകളിൽ നിന്നുള്ള തെരഞ്ഞെടുത്ത പ്രതിനിധികളാണ് അസംബ്ലിയിൽ പങ്കെടുക്കുന്നത്. വിവിധ മേഖലകളിൽ നിന്നുള്ള വൈദികരും യുവജന നേതാക്കളും ജനപ്രതിനിധികളും ചടങ്ങിൽ സംബന്ധിക്കും.
19ന് ഉച്ചയോടെ സമാപിക്കുന്ന അസംബ്ലിയിൽ രൂപതയുടെ വരും വർഷങ്ങളിലെ യുവജന പ്രവർത്തനങ്ങൾക്ക് കർമപദ്ധതികൾക്ക് രൂപം നൽകും.
രൂപത ഡയറക്ടർ ഫാ. സെബാസ്റ്റ്യൻ മനയ്ക്കലേട്ട്, അനിമേറ്റർ സിസ്റ്റർ ലിന്റ എസ്‌എബിഎസ്, ജനറൽ സെക്രട്ടറി അമൽ ജിജു ജോസഫ്, വൈസ് പ്രസിഡന്റുമാരായ അമിത ട്രീസ സാജൻ, ഡാമിൽ കെ. ഷിബു, സെക്രട്ടറിമാരായ ഡെല്ലാ മാത്യു, ഐബിൻ വി. ഐസക്, ട്രഷറർ ജിതിൻ ജോൺസൻ എന്നിവർ അസംബ്ലിക്ക് നേതൃത്വം നൽകും.





