വോൾട്ടേജ് ക്ഷാമം: അടിയന്തര ഇടപെടൽ ആവശ്യപ്പെട്ട് അധികൃതർക്കു നിവേദനം നൽകി ഇരട്ടയാർ ഗ്രാമപഞ്ചായത്തംഗം.
ചക്കകാനം, ഉപ്പുകണ്ടം, കോളനി മേഖലകളിലെ വോൾട്ടേജ് ക്ഷാമം പരിഹരിക്കണം എന്നാവശ്യപ്പെട്ടാണ് ഇരട്ടയാർ ഗ്രാമപഞ്ചായത്ത് അംഗം കിരൺ ജോർജ് അധികൃതർക്ക് നിവേദനം നൽകിയത്
ഇരട്ടയാർ: ചക്കകാനം, ഉപ്പുകണ്ടം, കോളനി മേഖലകളിൽ കടുത്ത വോൾട്ടേജ് ക്ഷാമം നേരിടുന്ന സാഹചര്യത്തിൽ അടിയന്തര പരിഹാരം ആവശ്യപ്പെട്ട് KSEB ഇരട്ടയാർ സെക്ഷൻ അധികൃതർക്കു നിവേദനം നൽകി ഇരട്ടയാർ ഗ്രാമപഞ്ചായത്തിലെ 8-ാം വാർഡ് മെമ്പർ കിരൺ ജോർജ് ഉതിരക്കുളം.
കഴിഞ്ഞ കുറേ നാളുകളായി പ്രദേശത്ത് വൈദ്യുതി വോൾട്ടേജ് വളരെ കുറവായതിനാൽ ഗൃഹോപകരണങ്ങൾ ഉൾപ്പെടെ നിരവധി ഇലക്ട്രിക് ഉപകരണങ്ങൾ നശിക്കുന്നതായി നാട്ടുകാർ പരാതിപ്പെടുന്നു. കർഷകരുടെ മോട്ടോറുകൾക്കും വലിയ നാശനഷ്ടങ്ങളാണ് സംഭവിച്ചിരിക്കുന്നത്.
പ്രശ്നത്തിന് ശാശ്വത പരിഹാരമായി ത്രിഫേസ് വൈദ്യുതി സംവിധാനം ശക്തിപ്പെടുത്തുകയും പുതിയ ട്രാൻസ്ഫോർമർ സ്ഥാപിക്കുകയും ചെയ്യണമെന്ന് മെമ്പർ ആവശ്യപ്പെട്ടു.
ഇതോടൊപ്പം, സ്വകാര്യ വ്യക്തിയുടെ സ്ഥലത്തിലൂടെ കടന്നുപോകുന്ന വൈദ്യുതി ലൈൻ പഞ്ചായത്ത് റോഡിലൂടെ മാറ്റി സ്ഥാപിക്കണമെന്നും നിവേദനത്തിൽ ആവശ്യപ്പെട്ടിട്ടുണ്ട്.
പ്രദേശവാസികളുടെ ദൈനംദിന ജീവിതത്തെയും കൃഷിയെയും ബാധിക്കുന്ന പ്രശ്നമായതിനാൽ അധികൃതർ അടിയന്തരമായി ഇടപെടണമെന്നാണ് പൊതുവായ ആവശ്യം.


