മുളകരമേട്ടിൽ വീടിന് തീ പിടിച്ചു; കിടപ്പുമുറി പൂർണമായി കത്തി നശിച്ചു

മുളകരമേട്ടിൽ വീടിന് തീ പിടിച്ചു; കിടപ്പുമുറി പൂർണമായി കത്തി നശിച്ചു

ഇടുക്കി: മുളകരമേട് ശാന്തി ഭവനിൽ അയ്യപ്പന്റെ വീടിന് തീ പിടിച്ചു.ഇന്നലെ വൈകിട്ട് 5.30ഓടെയാണ് സംഭവം. വീടിന്റെ ബെഡ്‌റൂം പൂർണമായും കത്തി നശിച്ചു.

വീടിനുള്ളിലെ കട്ടിൽ, അലമാര, അലമാരയ്ക്കുള്ളിൽ സൂക്ഷിച്ചിരുന്ന വസ്ത്രങ്ങൾ എന്നിവയും തീയിൽ കത്തി നശിച്ചു. ജനാലകളും വാതിലുകളും മേൽക്കൂരയിലെ ഷീറ്റ് അടക്കമുള്ള ഭാഗങ്ങളും നാശനഷ്ടമേറ്റു.

സംഭവസമയം അയ്യപ്പൻ വീട്ടിലുണ്ടായിരുന്നുവെങ്കിലും തീ പടർന്നതോടെ അദ്ദേഹം പുറത്തേക്ക് ഇറങ്ങി രക്ഷപ്പെട്ടു. വലിയ രീതിയിൽ പുക ഉയരുന്നത് കണ്ട സമീപവാസികൾ സ്ഥലത്തെത്തി രക്ഷാപ്രവർത്തനം ആരംഭിച്ചു. തുടർന്ന് കട്ടപ്പന ഫയർഫോഴ്സിനെ വിവരം അറിയിക്കുകയായിരുന്നു.

കട്ടപ്പന നഗരസഭ കൗൺസിലർ സന്തോഷ് ഓലിനാലിന്റെ നേതൃത്വത്തിൽ നാട്ടുകാരും ചേർന്ന് ആദ്യം തീ അണക്കാനുള്ള ശ്രമം നടത്തി. പിന്നാലെ ഫയർഫോഴ്സ് സംഘം സ്ഥലത്തെത്തി തീ നിയന്ത്രണവിധേയമാക്കി.

അയ്യപ്പനും ഭാര്യയും മാത്രമാണ് വീട്ടിൽ താമസിക്കുന്നത്. സംഭവസമയം ഭാര്യ ജോലിക്കായി പുറത്തായിരുന്നു. തീപിടുത്തത്തിന്റെ കാരണം വ്യക്തമല്ല.